എട്ടാം ശന്പള കമ്മീഷന് അനുമതി
ജോർജ് കള്ളിവയലിൽ
Friday, January 17, 2025 5:25 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ വേതനപരിഷ് കരണത്തിനുള്ള എട്ടാം ശന്പള കമ്മീഷന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. കമ്മീഷൻ ചെയർമാനെയും രണ്ട് അംഗങ്ങളെയും വൈകാതെ തീരുമാനിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഏഴാം ശന്പള കമ്മീഷന്റെ കാലാവധി തീരുന്ന അടുത്ത വർഷത്തോടെ ശന്പള കമ്മീഷൻ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
ഡൽഹിയിലെ നാലു ലക്ഷം സർക്കാർ ജീവനക്കാർക്ക് വലിയ വരുമാനവർധന ലഭിക്കുന്ന തീരുമാനം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനും 2025ലെ ബജറ്റ് പ്രഖ്യാപനങ്ങൾക്കും ദിവസങ്ങൾക്കുമുന്പാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. പുതിയ ശന്പള കമ്മീഷൻ നടപ്പിലാക്കുന്നതോടെ ഒരു കോടിയിലധികം കേന്ദ്രസർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും അടിസ്ഥാന ശന്പളം, അലവൻസുകൾ, പെൻഷൻ, മറ്റാനുകൂല്യങ്ങൾ എന്നിവ ഗണ്യമായി ഉയരും. പ്രതിരോധ സേനാംഗങ്ങൾ ഉൾപ്പെടെ 50 ലക്ഷത്തോളം കേന്ദ്രജീവനക്കാരും 65 ലക്ഷം പെൻഷൻകാരുമുണ്ട്.
കേന്ദ്രസർക്കാർ ജീവനക്കാരുടെ ശന്പളവർധന നടപ്പിലാകുന്നതോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ശന്പളം കൂട്ടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
മൂന്നിരട്ടിയോളം ശന്പള വർധനയ്ക്കു സാധ്യത
എട്ടാം ശന്പള കമ്മീഷൻ റിപ്പോർട്ടിനുശേഷം നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാനശന്പളമായ 18,000 രൂപ 51,480 രൂപയായി ഉയരാൻ സാധ്യതയുണ്ട്. അടിസ്ഥാന വേതനവും പെൻഷനും നിശ്ചയിക്കുന്ന ഫിറ്റ്മെന്റ് ഘടകം 2.57ൽനിന്ന് 2.86 ആയി ഉയർത്തിയേക്കും. നിലവിലെ അടിസ്ഥാന ശന്പളത്തെ 2.86 കൊണ്ടു ഗുണിക്കുകയാണ് ഇതിലൂടെ ചെയ്യുക.
ഏഴാം ശന്പള കമ്മീഷൻ 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടറാണു നടപ്പാക്കിയത്. സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശന്പളത്തിൽ 2.57 ശതമാനം വർധനവിന് തുല്യമാണിത്. ആറാം ശന്പള കമ്മീഷനിൽ നടപ്പാക്കിയ 1.86 ഫിറ്റ്മെന്റ് ഫാക്ടറിലൂടെ ലഭിച്ച 1.86 ശതമാനം ശന്പള വർധനയുമായി താരതമ്യം ചെയ്യുന്പോൾ ഇതു ശ്രദ്ധേയ വർധനവായിരുന്നു, പത്തു വർഷത്തെ ഇടവേളകളിലാണ് ശന്പള കമ്മീഷൻ രൂപീകരിക്കുക.
പണപ്പെരുപ്പം, സാന്പത്തിക സാഹചര്യങ്ങൾ തുടങ്ങിയവ പരിഗണിച്ചാണു ശന്പള പരിഷ്കരണം. 2014 ഫെബ്രുവരി 28ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് രൂപീകരിച്ച ഏഴാം ശന്പള കമ്മീഷൻ റിപ്പോർട്ട് 2015 നവംബർ 19ന് സമർപ്പിച്ചു. വൻ ശന്പളവർധന ശിപാർശ ചെയ്ത കമ്മീഷൻ റിപ്പോർട്ട് 2016 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വന്നു. നടപ്പാക്കിയ ആദ്യ വർഷം മാത്രം ശന്പളം, പെൻഷൻ വകയിൽ ഒരു ലക്ഷം കോടിയിലേറെ രൂപയുടെ അധികച്ചെലവാണുണ്ടായത്.
കോരനു കഞ്ഞിപോലുമില്ല; ജീവനക്കാർക്ക് വാരിക്കോരി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ശന്പളവും ആനുകൂല്യങ്ങളും വിരമിച്ചവരുടെ പ്രതിമാസ പെൻഷനും പത്തു വർഷം കൂടുന്പോഴെല്ലാം കുത്തനേ കൂട്ടുന്പോഴും കർഷകർ, തൊഴിലാളികൾ അടക്കം രാജ്യത്തെ 90 ശതമാനത്തിലേറെ വരുന്ന പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വരുമാനവർധനയ്ക്കായി സർക്കാർ നടപടിയില്ല. സാധാരണക്കാരുടെയും കർഷകരുടെയും നികുതിപ്പണം എടുത്താണു സർക്കാർ ജീവനക്കാർക്ക് വാരിക്കോരി കൊടുക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ വികസന, ക്ഷേമ പദ്ധതികൾക്കും ചെലവഴിക്കേണ്ട ഖജനാവിലെ പണത്തിന്റെ ഭൂരിഭാഗവും സർക്കാർ ജീവനക്കാരുടെ ശന്പളത്തിനും ആനുകൂല്യങ്ങൾക്കും പെൻഷനുമായാണു ചെലവാക്കുന്നത്.
140 കോടി ജനങ്ങളുള്ള രാജ്യത്ത് അരക്കോടിയോളം സർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നുവെന്നതാണ് സാധാരണക്കാരുടെ ദുര്യോഗം. സുരക്ഷയും സമാധാനവും സൗകര്യങ്ങളുമടക്കം പൗരന് അവകാശപ്പെട്ടതുകൂടി നിഷേധിച്ചുകൊണ്ടാണിത്.
ആദായനികുതി മുതൽ ജിഎസ്ടിയും വിവിധ സെസുകളുമടക്കം സാധാരണക്കാരെ പലതരത്തിൽ വലിയതോതിൽ ഞെക്കിപ്പിഴിഞ്ഞാണു സർക്കാർ നികുതിവരുമാനം കൂട്ടുന്നത്. വൻകിട കോർപറേറ്റ് കുത്തകകൾക്ക് വലിയതോതിൽ നികുതിയിളവും കടം എഴുതിത്തള്ളലും അടക്കം ആനുകൂല്യങ്ങളും നൽകാൻ സർക്കാരുകൾ മടിക്കാറില്ല. വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഏറ്റവും പാവപ്പെട്ടവർക്കു ചില ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിക്കാറുമുണ്ട്.
മന്ത്രിമാർ, എംപിമാർ തുടങ്ങിയ ജനപ്രതിനിധികൾക്കും ഭരണനിർവഹകരെന്ന പേരിൽ ഉദ്യോഗസ്ഥർക്കും വൻകിട വ്യവസായികൾക്കും മാത്രം ഗുണകരമാകുന്ന രാജ്യത്തെ നിലവിലെ ഭരണക്രമത്തിൽ തൊഴിലാളികൾ, കർഷകർ, ചെറുകിട കച്ചവടക്കാർ, പരന്പരാഗത കുടിൽ വ്യവസായക്കാർ തുടങ്ങിയവർ നിരാശരാണ്. 140 കോടി ജനങ്ങളിൽ 25 കോടിയോളം പേർ ഇപ്പോഴും ദാരിദ്യരേഖയ്ക്കു താഴെ റേഷൻ വാങ്ങുന്നവരുടെ രാജ്യത്താണു ഭരണവർഗം സ്വയം വരുമാനം കൂട്ടിയെടുക്കുന്നത്.
പട്ടിണിമരണങ്ങളും കർഷക ആത്മഹത്യകളും പോലും തടയാനാകാത്ത മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് നികുതിപ്പണം ഉപയോഗിച്ചു സ്വന്തം ശന്പളം പതിവായി വർധിപ്പിക്കുന്നത്.