യുക്രെയ്ൻ-റഷ്യൻ യുദ്ധം: കൊല്ലപ്പെട്ടത് 12 ഇന്ത്യക്കാർ
Saturday, January 18, 2025 2:06 AM IST
ന്യൂഡല്‍ഹി: യുക്രെയ്നെതിരേയുള്ള യുദ്ധത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമായ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം.
16 പേരെ കാണാതായതായും വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കൊല്ലപ്പെട്ട മലയാളി ബിനില്‍ ബാബുവിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി റഷ്യന്‍ അധികൃതരുമായി ചര്‍ച്ച തുടരുകയാണ്. പരിക്കേറ്റ് മോസ്കോയില്‍ കഴിയുന്ന മറ്റൊരു മലയാളിയെ ഉടന്‍ നാട്ടിലെത്തിക്കാനാകുമെന്നാണു പ്രതീക്ഷ.
മൊത്തം 126 ഇന്ത്യക്കാര്‍ റഷ്യന്‍ പട്ടാളത്തിനൊപ്പമുണ്ടായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതില്‍ 96 പേരെ ഇന്ത്യയിലെത്തിച്ചു. അവശേഷിച്ച 30 പേരില്‍ 12 പേരുടെ മരണമാണു സ്ഥിരീകരിച്ചത്. 16 പേരെ റഷ്യ കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്-വിദേശകാര്യ വക്താവ് പറഞ്ഞു.