തിയറ്ററില്‍ ആടിനെ അറത്തു; തിരുപ്പതിയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
Sunday, January 19, 2025 2:55 AM IST
തിരുപ്പതി: തിരുപ്പതിയില്‍ സിനിമാപ്രദര്ശനത്തോടനുബന്ധിച്ച് തിയറ്ററില്‍ ആടിനെ അറത്ത സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.
കഴിഞ്ഞ 12ന് ‘ദാക്കു മഹാരാജ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിനു മുമ്പായിരുന്നു സംഭവം. പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് സംഘടന ഇ-മെയിലില്‍ എസ്പിക്ക് അയച്ച പരാതിയിലാണു നടപടി.
ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഢി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
ആടിനെ തലയറത്ത് രക്തം സിനിമയില്‍ പ്രധാന വേഷം ചെയ്ത നടന് എന്‍. ബാലകൃഷ്ണയുടെ പോസ്റ്ററില്‍ പുരട്ടുകയായിരുന്നു. തെലുങ്ക് നടനും ഹിന്ദുപുര്‍ എംഎല്‍എയുമായ ബാലകൃഷ്ണ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സഹോദരീഭര്‍ത്താവാണ്.
തിയറ്ററിനു പുറത്ത് നൂറുകണക്കിന് ആരാധകർ ആഹ്ലാദപ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറക്കാന്‍ അരിവാള്‍ എടുക്കുന്നതടക്കമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.