കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; പ്രതി കുറ്റക്കാരൻ, ശിക്ഷ നാളെ
Sunday, January 19, 2025 2:56 AM IST
കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്നു വിചാരണക്കോടതി. പ്രതിയുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും.
പ്രതി ഡോക്ടറെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും വ്യക്തമായതായി കോൽക്കത്ത സില്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അനിർബൻ ദാസ് നിരീക്ഷിച്ചു.
160 പേജുള്ള വിധിനായത്തില്‍ പോലീസിനും ആശുപത്രി അധികൃതര്‍ക്കും എതിരേ വിമര്‍ശനങ്ങളുണ്ട്. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവിയും പ്രിന്‍സിപ്പലും ഉള്‍പ്പെടെ ശ്രമിച്ചുവെന്നും കോടതി വ്യക്തമാക്കി.
വിധി പറയുന്നത് കേള്‍ക്കാനായി കോടതിയില്‍ വലിയ ആള്‍ക്കൂട്ടമായിരുന്നു. പോലീസുകാര്‍ ഏറെ പണിപ്പെട്ടാണ് പ്രതിയെ കോടതിയിലെത്തിച്ചത്. തന്നെ കേസില്‍ കുടുക്കിയതാണെന്ന് കോടതിയോട് ഇയാള്‍ പറയുന്നുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് 31 കാരിയായ പിജി ഡോക്ടറെ പ്രതി കൊലപ്പെടുത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ബംഗാളില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ നവംബറിൽ അടച്ചിട്ട കോടതിയിൽ വിചാരണ നടപടികൾ തുടങ്ങി. 162 ദിവസത്തിനു ശേഷമാണ് കോടതി വിധി പറയുന്നത്.