അശാസ്ത്രീയ റോഡ് നിർമാണം കുറ്റകൃത്യമെന്ന് ഗഡ്കരി
Friday, January 17, 2025 5:24 AM IST
ന്യൂഡൽഹി: അശാസ്ത്രീയ റോഡ് നിർമാണം ജാമ്യമില്ലാത്ത കുറ്റകൃത്യമാക്കണമെന്നും ഉത്തരവാദികളായ കരാറുകാർക്കും എൻജിനിയർമാർക്കും തടവുശിക്ഷ നൽകണമെന്നും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ലോകത്ത് റോഡപകടങ്ങളിൽ ഇന്ത്യയാണ് ഒന്നാമതെന്നും അദ്ദേഹം പറഞ്ഞു.
2030 ആകുന്നതോടെ റോഡ് അപകടങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. സർക്കാരിന്റെ കണക്കനുസരിച്ച് അഞ്ചു ലക്ഷം അപകടങ്ങളിലായി 1,72,000 മരണങ്ങളാണ് 2023ൽ ഇന്ത്യയിലുണ്ടായത്. 18നും 45നും ഇടയിലുള്ളവരാണ് മരിച്ചവരിൽ 66.4 ശതമാനവും. പതിനായിരത്തോളം കുട്ടികളും ഇതിലുൾപ്പെടുന്നു. ഹൈവേകളിലെ ബ്ലാക്ക് സ്പോട്ടുകൾ പരിഹരിക്കാൻ 40,000 കോടി രൂപ ചെലവഴിക്കാനും വകുപ്പ് തീരുമാനിച്ചതായി ഗഡ്കരി അറിയിച്ചു.