വിദ്യാർഥികളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും, തെറ്റായ പ്രവണതകളിൽ നിന്ന് തിരുത്തുന്നതിനും ലക്ഷ്യമിട്ട് അധ്യാപകർ നടത്തുന്ന ചൂരൽ പ്രയോഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കുട്ടികളെ നേർവഴിക്ക് നടത്താനുള്ള ചുമതല അധ്യാപകർക്കുണ്ടെന്നും, ഈ ഉത്തരവാദിത്തം അംഗീകരിച്ചുകൊണ്ടാണ് മാതാപിതാക്കൾ മക്കളെ സ്കൂളുകളിലേക്ക് വിടുന്നതെന്നും കോടതി നിരീക്ഷിച്ചു.
2019-ൽ ഒരു സ്കൂൾ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ നടപടികൾ റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു ജസ്റ്റിസ് സി. പ്രദീപ്കുമാർ പുറപ്പെടുവിച്ച ഈ ഉത്തരവ്. തമ്മിൽ തല്ലിയ അഞ്ചാം ക്ലാസിലെ വിദ്യാർഥികളെ ശാസിക്കുന്നതിനായി അവരുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിനാണ് വടക്കാഞ്ചേരി പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.
ക്ലാസ് റൂമിനുള്ളിൽ പരസ്പരം തുപ്പുകയും, പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് തമ്മിൽ തല്ലുകയും ചെയ്ത മൂന്ന് വിദ്യാർഥികളെ നിയന്ത്രിക്കാനാണ് അധ്യാപകൻ ചൂരൽ ഉപയോഗിച്ചത്. ഇതിനെത്തുടർന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ് കേസ് എടുത്തിരുന്നത്.
എന്നാൽ, കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കുന്നതിനും, കുട്ടികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനും വേണ്ടിയാണ് താൻ ഇടപെട്ടതെന്നും, അനാവശ്യമായ പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്ന ഉദ്ദേശം മാത്രമാണ് തനിക്കുണ്ടായിരുന്നതെന്നും അധ്യാപകൻ കോടതിയിൽ വാദിച്ചു.
കുട്ടികളുടെ തെറ്റുകൾ തിരുത്തുന്നതിനായി അധ്യാപകർ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത് തെറ്റല്ലെന്ന് മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് അധ്യാപകരുടെ ഉദ്ദേശം മനസിലാക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കേസാണ് ഹൈക്കോടതി ഉത്തരവിലൂടെ റദ്ദാക്കിയത്.
Tags : Cane for Correction High Court Discipline Teachers