ന്യൂഡൽഹി: കാനഡയിൽ ഇന്ത്യൻ വംശജനായ വ്യവസായിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം. ബിഷ്ണോയി സംഘാംഗമായ ഗോൾഡി ദില്ലൺ ആണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യവസായിയുടെ കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്.
പഞ്ചാബി ഗായകൻ ചന്നി നട്ടന്റെ വീട്ടിലേക്കു വെടിയുതിർത്തതിന്റെ പിന്നിലും തങ്ങളാണെന്ന് ദില്ലൺ അവകാശപ്പെട്ടു. അബോട്ട്സ്ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദർശൻ സിംഗ് സഹസിയെയാണ് (68) ബിഷ്ണോയി സംഘം കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡിലുള്ള വീടിനു പുറത്തുവച്ച് സഹസിക്കു വെടിയേൽക്കുകയായിരുന്നു.ലോറൻസ് ബിഷ്ണോയി സംഘത്തിലെ സജീവ അംഗമായ ജഗ്ദീപ് സിംഗ് എന്ന ജഗ്ഗ യുഎസിൽ അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് ഈ രണ്ട് സംഭവങ്ങളും.
സഹസി മയക്കുമരുന്ന് ബിസിനസിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിൽനിന്ന് പണം ആവശ്യപ്പെട്ടെന്നും സംഘം അവകാശപ്പെട്ടു. പണം ലഭിക്കാത്തതിനെത്തുടർന്നാണ് കൊലപ്പെടുത്തിയതെന്നും സംഘം പറഞ്ഞു.
വീടിനുപുറത്തു റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് സഹസി നടന്നുവരുന്പോൾ അക്രമി വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തിയപ്പോൾ സഹസി ഗുരുതരാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പ്രശസ്ത തുണിത്തര പുനരുപയോഗ കമ്പനിയായ കാനം ഇന്റർനാഷണലിന്റെ പ്രസിഡന്റായിരുന്നു സഹസി. 1991ൽ ആണ് സഹസി കാനഡയിലേക്കു കുടിയേറുന്നത്. സഹസി വ്യവസായി മാത്രമല്ല, മനുഷ്യസ്നേഹി കൂടിയായിരുന്നു.
അദ്ദേഹത്തിന്റെ മരണം അബോട്ട്സ്ഫോർഡിലെയും കാനഡയിലെയും പഞ്ചാബി സമൂഹത്തിൽ വലിയ പ്രതിഷേധത്തിനു കാരണമായി. കാനഡയിലെ ഇന്ത്യൻ കുടിയേറ്റക്കാർ ഗുരുതര ഭീഷണി നേരിടുന്നുവെന്ന് നിരവധി നേതാക്കൾ പറഞ്ഞു. പോലീസിൽനിന്ന് അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു.
ലോറൻസ് ബിഷ്ണോയ് ഗ്യാംഗ്
കാനഡ തീവ്രവാദ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലോറൻസ് ബിഷ്ണോയി സംഘത്തിനു ലോകമെമ്പാടും വേരുകളുണ്ട്. സംഘത്തിൽ എഴുന്നൂറിലധികം ഷൂട്ടർമാരുണ്ടെന്നും റിപ്പോർട്ടുണ്ട്.
റാപ്പറും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസ്വാലയുടെ കൊലപാതകം, ബോളിവുഡ് നടൻ സൽമാൻ ഖാനെതിരേ ഭീഷണി, ഖലിസ്ഥാൻ അനുകൂല പ്രസ്ഥാനവുമായുള്ള ബന്ധം എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഈ സംഘം ഉൾപ്പെട്ടിട്ടുണ്ട്.
Tags : Lawrence Bishnoi Punjabi singer Canada