ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റ നൂറോളം പേർക്ക് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് വിജയ് അറിയിച്ചു.
എക്സ് അക്കൗണ്ടിൽ കൂടിയാണ് വിജയ് ഇക്കാര്യം അറിയിച്ചത്. "എന്റെ ഹൃദയ വേദന പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുന്നു. എന്റെ കണ്ണുകളും മനസും ദുഃഖത്താൽ മൂടപ്പെട്ടിരിക്കുന്നു. ഞാൻ കണ്ടുമുട്ടിയ നിങ്ങളുടെയെല്ലാം മുഖങ്ങൾ എന്റെ മനസ്സിൽ മിന്നിമറയുന്നു. വാത്സല്യവും കരുതലും പ്രകടിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് ഞാൻ കൂടുതൽ ചിന്തിക്കുന്തോറും എന്റെ ഹൃദയം സ്ഥാനത്ത് നിന്ന് കൂടുതൽ വഴുതിപ്പോകുന്നു'.
"ഇത് നമ്മൾക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകൾ നൽകിയാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപയും ഞാൻ നൽകും'.-വിജയ് കുറിച്ചു.