National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഫോൺകോൾ നടനും ടിവികെ നേതാവുമായ വിജയ് അവഗണിച്ചതായി റിപ്പോർട്ട്.
കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷാ, വിജയ്യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് വിജയ് മറുപടി നൽകിയതായാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്നാണ് അമിത് ഷായുടെ ഓഫീസ് വിജയ്യെ ബന്ധപ്പെട്ടത്.
വിജയ്യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിൽ ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. ടിവികെയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു.
എന്നാൽ അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ് പ്രതികരിച്ചു. അതേസമയം, വിജയ് യുടെ അടുത്ത രണ്ടാഴ്ചത്തെ പരിപാടികൾ മാറ്റി. ടിവികെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.
Movies
കരൂർ ദുരന്തത്തിൽ ടിവികെ നേതാവും സിനിമാതാരവുമായ വിജയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടൻ സത്യരാജ്. തെറ്റ് ചെയ്തവർ അത് തിരുത്താൻ ശ്രമിക്കണമെന്നും അറിയാതെ സംഭവിച്ചതാണെങ്കിൽ ഇനി ആവർത്തിക്കാതെ നോക്കണം എന്നും നടൻ വ്യക്തമാക്കി. അവസാനം ‘ഛെ’ എന്ന് പറഞ്ഞാണ് സത്യരാജ് വിമർശനം അവസാനിപ്പിച്ചത്.
‘പിഴവ് അറിയാതെ സംഭവിക്കുന്നതാണ്. തെറ്റ് അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ്. പിഴവ് സംഭവിച്ചവർ തിരുത്താൻ ശ്രമിക്കണം. തെറ്റ് ചെയ്തവർ ആവർത്തിക്കാതിരിക്കാൻ നോക്കണം. ചെറിയ പിഴവാണെങ്കിൽ തിരുത്തണം. അറിയാതെ സംഭവിച്ചതാണെങ്കിൽ ഇനി ആവർത്തിക്കാതെ നോക്കണം. ഛെ’, എന്ന് സത്യരാജ് പറഞ്ഞു.
സംഭവത്തിൽ വിജയ്യെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് എത്തുന്നത്. ദുരന്തത്തിൽ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് നടി ഓവിയ പ്രതികരിച്ചിരുന്നു. നടനും ബിജെപി നേതാവുമായ ശരത്കുമാറും വിജയ്യെ രൂക്ഷമായി വിമർശിച്ചു. മരിച്ച ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് നടൻ വിശാല്‍ ആവശ്യപ്പെട്ടു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ എംപി കനിമൊഴി. വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം എന്ന് പറഞ്ഞ കനിമൊഴി ദുരന്തത്തിന് ഡിഎംകെയെ പഴിക്കുന്നത് എന്തിന് എന്നും ചോദിച്ചു.
"വിജയ്ക്ക് മനസാക്ഷിയില്ല. സ്വന്തം സുരക്ഷമാത്രം നോക്കി കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് വന്നു. വിജയ്ക്ക് അവിടെ നിൽക്കാൻ കഴിയില്ലെങ്കിൽ മറ്റ് നേതാക്കളെ ആശുപത്രിയിലേക്ക് വിടണമായിരുന്നു. ഉത്തരവാദിത്തമില്ലാത്ത പ്രവർത്തിയാണ് വിജയ്യിൽ നിന്ന് ഉണ്ടായത്. വിജയ് കരൂരിൽ നിൽക്കണമായിരുന്നു.'-കനിമൊഴി കുറ്റപ്പെടുത്തി.
ഇപ്പോഴും ടിവികെ നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടില്ല എന്നും കനിമൊഴി പറഞ്ഞു. അതേസമയം കരൂർ ആൾക്കൂട്ട ദുരന്തത്തിൽ സര്‍ക്കാര്‍ കൂടുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഒരു ടിവികെ പ്രാദേശിക നേതാവിനെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കരൂർ സ്വദേശി പൗൻ രാജ് ആണ് കസ്റ്റഡിയിൽ ഉളളത്.
പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ഒരാൾ ആണ് പൗൻരാജ്. കൂടാതെ ഓൺലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
National
ചെന്നൈ: ശനിയാഴ്ച കരൂരിലുണ്ടായത് വിജയ് അറിഞ്ഞുകൊണ്ട് വരുത്തിവച്ച ദുരന്തമായിരുന്നുവെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി. വിജയ്ക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ലെന്നും ആളെക്കൂട്ടാൻ മനപ്പൂർവ്വം ഏഴുമണിക്കൂർ വൈകിയെത്തുകയായിരുന്നുവെന്നും ആർ.എസ്. ഭാരതി ആരോപിച്ചു.
വിജയ് അതിനെല്ലാം ഉത്തരം പറയണമെന്നും ആർ.എസ് ഭാരതി ആവശ്യപ്പെട്ടു. വിഷയത്തിൽ സിബിഐ അന്വേഷണം എന്തിനാണെന്നും ആർഎസ്എസ് ഭാരതി ചോദിച്ചു. തമിഴ് നാട് സർക്കാർ നടത്തുന്നത് കുറ്റമറ്റ അന്വേഷണമാണ്. സിബിഐ വേണ്ടെന്നാണ് ഡിഎംകെ നിലപാട്. സിബിഐ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ടൂൾ ആയി മാറുകയാണെന്നും ഭാരതി കുറ്റപ്പെടുത്തി.
വിജയ്യെ വരുതിയിൽ നിർത്താൻ ബിജെപി സിബിഐയെ ഉപയോഗിക്കും. വിജയ്ക്ക് പിന്നിൽ താരാ ആരാധന തലയ്ക്കു പിടിച്ചവരാണ്. അത്തരക്കാരെ കുറിച്ച് പറയാൻ തന്നെ നാണക്കേട് തോന്നുകയാണ്. കരൂരിലടക്കം തിങ്ങി നിറഞ്ഞത് വിദ്യാർഥികൾ ഉൾപ്പെട ചെറുപ്പക്കാർ മാത്രമാണെന്നും ഭാരതി പറഞ്ഞു.
മുതിർന്നവർ കേവലം രണ്ടായിരത്തോളം പേർ മാത്രമായിരുന്നു. വിജയ്യുടെ രാഷ്ട്രീയ ഭാവി എന്തെന്നത് ഡിഎംകെയെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെക്ക് ടിവികെയെ ഭയമില്ല. ഡിഎംകെ ജനങ്ങൾക്കിടയിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ആർ.എസ്. ഭാരതി വ്യക്തമാക്കി.
Editorial
രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
തകർന്നുവീണ സിസ്റ്റത്തിൽ ശ്വാസംമുട്ടി 40 പേർകൂടി മരിച്ചു. ശനിയാഴ്ച തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി ടിവികെ (തമിഴക വെട്രി കഴകം) കരൂരിൽ നടത്തിയ റാലിയിൽ പങ്കെടുത്തവരും കാഴ്ചക്കാരുമാണ് തിക്കിലും തിരക്കിലും പെട്ടു മരിച്ചത്.
രാഷ്ട്രീയത്തിലും മതത്തിലും ആശ്വാസം തേടി തിങ്ങിക്കൂടുന്ന മനുഷ്യർ തിരക്കിൽ ശ്വാസംമുട്ടി മരിക്കുന്നത് ആദ്യമല്ല; അവസാനത്തേതുമായിരിക്കില്ല. കാരണം, ഒന്നിനു പിറകെ മറ്റൊന്നായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്പോഴും സർക്കാരുകൾ ഒരു മുൻകരുതലും സ്വീകരിക്കുന്നില്ല.
ഒരിറ്റു വെള്ളത്തിനും ഒടുവിലൊരു ശ്വാസത്തിനുമായുള്ള മനുഷ്യരുടെ പിടച്ചിൽ നിഷ്ക്രിയ ഭരണകൂടങ്ങളെയും അതിന്റെ ഉത്പന്നമായ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെയും നോവിക്കുന്നില്ല. രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു.
നാമക്കലിലെ യോഗത്തിൽ പങ്കെടുത്തശേഷം രാത്രി ഏഴോടെയാണ് ടിവികെ പ്രസിഡന്റ് വിജയ് കരൂരിലെത്തിയത്. കരൂർ വേലുച്ചാമിപുരത്ത് ഉച്ചയ്ക്കു നടക്കേണ്ടിയിരുന്ന റാലി വൈകിയതോടെ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നവരും പിന്നീട് എത്തിയവരുമായി ആൾക്കൂട്ടം പെരുകി. 10,000 പേരെ പ്രതീക്ഷിച്ചിടത്ത് 1.5 ലക്ഷം പേർ എത്തിയെന്നാണ് ചില കണക്കുകൾ.
നാമക്കലിൽനിന്ന് മറ്റു വാഹനങ്ങളിൽ വിജയ്യെ പിന്തുടർന്നെത്തിയവരും തിരക്കു വർധിപ്പിച്ചു. ഇതിനിടെ ഒരു മരക്കൊന്പ് ഒടിഞ്ഞുവീണതോടെ ആളുകൾ ചിതറിയോടിയെന്നും ഏതാണ്ട് അതേസമയത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയെന്നുമൊക്കെ റിപ്പോർട്ടുകളുണ്ട്. ദുരന്തത്തിനുമുമ്പ് കല്ലേറുണ്ടായെന്നും വേദിക്കടുത്ത് പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച ടിവികെ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഗൂഢാലോചനാ സിദ്ധാന്തങ്ങളും പാർട്ടികളുടെ ആരോപണ-പ്രത്യാരോപണങ്ങളുമൊക്കെ ഇത്തരം ആൾക്കൂട്ട ദുരന്തങ്ങളുടെ പിന്നാലെ പതിവുള്ളതാണ്. അതിന്റെ യാഥാർഥ്യങ്ങൾ തെളിഞ്ഞാലും, തിരുത്തലുകൾ നടത്തി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഒരു നടപടിയും ഉണ്ടാകില്ല.
കഴിഞ്ഞ ജൂൺ നാലിനാണ് ഐപിഎല്ലിൽ ആദ്യമായി കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണപരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത്. മേയ് മൂന്നിന് ഉത്തരഗോവയിലെ ശ്രീ ലായ്റായി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴുപേർ മരിക്കുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 15ന് അർധരാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 കുംഭമേള തീർഥാടകരെങ്കിലും മരിച്ചു. ജനുവരി 29ന് മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ 30 പേരാണ് പ്രയാഗ്രാജിൽ തിരക്കിൽപ്പെട്ടു മരിച്ചത്. ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ആറു പേർ മരിച്ചത് ജനുവരി എട്ടിന്. ഇതൊക്കെ ഇക്കൊല്ലം മാത്രം സംഭവിച്ചതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കിൽ ഈ മനുഷ്യനിർമിത ദുരന്തങ്ങൾ ഇങ്ങനെ തുടർക്കഥയാകില്ലായിരുന്നു.
കരൂർ ദുരന്തത്തിൽ സർക്കാരും വിജയ്യും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസധനവും പരിക്കേറ്റവർക്ക് ചികിത്സാസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അതാവശ്യമാണ്. പക്ഷേ, ദുരന്തത്തിൽനിന്നു പാഠങ്ങൾ പഠിച്ച് ഇനി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലും, അഴിമതിയില്ലാത്തതും കർശനവുമായ നടപടിക്രമങ്ങളും അതുപോലെതന്നെ പ്രധാനമാണ്. തമിഴ് രാഷ്ട്രീയത്തിൽ പുതിയ മുന്നേറ്റത്തിനിറങ്ങിയിരിക്കുന്ന ടിവികെയുടെ പ്രാദേശിക നേതാക്കൾക്കെതിരേ മാത്രമല്ല, പ്രസിഡന്റ് വിജയ്ക്കെതിരേയും കേസെടുക്കണം.
രാവിലെ മുതൽ വേലുച്ചാമിപുരത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്ന ജനക്കൂട്ടത്തിനു സാക്ഷിയായിട്ടും അനുമതി റദ്ദാക്കാതിരുന്ന ഉദ്യോഗസ്ഥരെയെല്ലാം പ്രതികളാക്കണം. മാതൃകാപരമായ ശിക്ഷയുണ്ടായാൽ മരണം വിതയ്ക്കുന്ന കെടുകാര്യസ്ഥത ഒരുപരിധിവരെയെങ്കിലും കുറയും. ജനങ്ങളും തിരിച്ചറിയണം, യഥാർഥ രാഷ്ട്രീയത്തെയും മതത്തെയുമൊന്നും ശ്വാസംമുട്ടിക്കുന്ന ആൾക്കൂട്ടങ്ങളിലല്ല തിരയേണ്ടത്. ആൾദൈവങ്ങളൊന്നും നിങ്ങളില്ലാതാകുന്ന വീടിനു തണലാകില്ല.
രാജ്യത്ത്, ഒന്‍പതു മാസത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്ന ആറാമത്തെ വലിയ ദുരന്തമാണ് കരൂരിലേത്. ഏതാനും സസ്പെൻഷനുകൾ ഒഴിച്ചാൽ ബാക്കി അഞ്ചിലും അന്വേഷണവും നടപടികളുമൊക്കെ ഇഴയുകയാണ്. ആ പട്ടികയിലേക്ക് കരൂരിനെയും ചേർത്തുവയ്ക്കാനാണെങ്കിൽ ഏഴാമത്തേത് എവിടെ, എത്ര മരണം എന്നുകൂടിയേ എഴുതിച്ചേർക്കേണ്ടതുള്ളൂ. ജനം കരുതിയിരിക്കുക.
Movies
നടൻ വിജയ്യുടെ ചെന്നൈ നീലാങ്കരൈയിലെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. ചെന്നൈ പോലീസിനാണ് ഇത് സംബന്ധിച്ച ഫോൺ സന്ദേശം ലഭിച്ചത്. കരൂർ ദുരന്തത്തിന് പിന്നാലെയാണ് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യുടെ വീടിന് ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്.
ഇതോടെ ബോംബ് സ്ക്വാഡുമായി വസതിയിലെത്തിയ പോലീസ് സംഘം വീടിനകത്തും പുറത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. വിജയ് നീലാങ്കരൈയിലെ വസതിയിൽ ഉണ്ടെന്നാണ് സൂചന.
കരൂരിൽ വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലുംപ്പെട്ട് 40 പേർ മരിച്ചിരുന്നു. ദുരന്തം ഉണ്ടായതിനു പിന്നാലെ കരൂരിൽനിന്നു ട്രിച്ചിയിലെത്തിയ വിജയ് വിമാനമാർഗം ചെന്നൈയിലേക്ക് പോയിരുന്നു. അതേസമയം ദുരന്തം നടന്ന കരൂരിലേക്ക് പോകാൻ വിജയ് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.
Movies
വീരാരാധനയാണ് തമിഴ്നാടിന്റെ മുഖമുദ്ര. തമിഴക രാഷ്ട്രീയത്തിലും സിനിമയിലുമെല്ലാം ഇതു പ്രകടമാണ്. സിനിമക്കാർ തമിഴ് രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഏറ്റവും പുതിയ അടയാളമായി ഒരു തംരംഗം തന്നെ സൃഷ്ടിച്ചായിരുന്നു ദളപതി വിജയ് എന്ന തമിഴ് മക്കൾ വിളിക്കുന്ന വിജയ് ജോസഫിന്റെ രാഷ്ട്രീയ അരങ്ങേറ്റം.
പക്ഷേ ആ വീരാരാധന അതിരുകടന്ന് വൻ ദുരന്തമായി മാറിയപ്പോൾ തമിഴക രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായിരിക്കും. വിജയിന്റെ രാഷ്ട്രീയ പ്രവേശനം ഇന്ത്യൻ രാഷ്ട്രീയരംഗത്ത് വൻ ആകാംക്ഷയാണ് ഉണർത്തിയിരുന്നത്.
സംസ്ഥാനത്ത് സിനിമയും രാഷ്ട്രീയവും തമ്മിൽ ഇഴപിരിഞ്ഞു കിടക്കുന്നു എന്നു പറയുന്പോഴും സമീപകാലത്ത് കമല്‍ഹാസനുൾപ്പടെ പല വന്പൻമാരും തമിഴക രാഷ്ട്രീയത്തിൽ കാലിടറി വീഴുന്നതും കണ്ടു. അവിടെയാണ് വിജയ് ജനസാഗരങ്ങളെ സാക്ഷിയാക്കി തന്റെ രാഷ്ട്രീയപ്രവേശനം നടത്തിയത്. പക്ഷേ അതൊക്കെയും തകർന്നടിയുമോ എന്നതാണ് ഇനിയുള്ള ചോദ്യം.
എം.ജി. രാമചന്ദ്രനും ജയലളിതയും കരുണാനിധിയുമൊക്കെ തമിഴ് രാഷ്ട്രീയത്തിലെ മുടിചൂടാമന്നന്മാരായി മാറിയത് വീരാരാധനയുടെ ഫലമായി മാത്രമായിരുന്നു. 1949ൽ ഡിഎംകെ എന്ന രാഷ്ട്രീയപാർട്ടി തമിഴകത്ത് രൂപം കൊള്ളുന്പോൾ സിനിമയിലെ വീരനായകന്മാരെ പാർട്ടിയിലെടുത്ത് ജനകീയ അടിത്തറ ശക്തിപ്പെടുത്താമെന്ന ആശയം ആദ്യം കൊണ്ടുവന്നത് സി.എൻ. അണ്ണാദുരൈ ആയിരുന്നു. അക്കാലത്തെ അറിയപ്പെടുന്ന തിരക്കഥാകൃത്തായിരുന്ന അദ്ദേഹം തമിഴരുടെ വീരാരാധന നന്നായി മനസിലാക്കി പ്രവർത്തിച്ചു. അങ്ങനെ കരുണാനിധിയും എം.ജി. രാമചന്ദ്രനുമൊക്കെ പാർട്ടിയിലെത്തി.
തമിഴ് സാമൂഹിക പശ്ചാത്തലത്തെ ഏറെ സ്വാധീനിച്ച ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ കരുണാനിധിയും തമിഴരുടെ ആരാധനാപാത്രമായിരുന്ന എംജിആറും ചേർന്ന് തമിഴക രാഷ്ട്രീയത്തിൽ നടത്തിയ തേരോട്ടമായിരുന്നു പിന്നീട് കണ്ടത്. അക്കാലത്ത് എല്ലാ അർഥത്തിലും തമിഴ് രാഷ്ട്രീയം സിനിമയുമായി ബന്ധപ്പെട്ടായിരുന്നു. ഇതിനിടയിൽ ഒരുപുഴ പോലെ ഒഴുകിയ ഈ വൻ ശക്തികൾ വഴിപിരിഞ്ഞു. എം.ജി.രാമചന്ദ്രൻ എഐഎഡിഎംകെ എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു.
അതോടെ തമിഴക രാഷ്ട്രീയം പുതിയ ദിശയിലേക്കു നീങ്ങി. ഡിഎംകെ-എഐഡിഎംകെ പേരാട്ടമായി തമിഴിന്റെ രാഷ്ട്രീയ ഭൂമിക മാറി. കോൺഗ്രസ് അടക്കം മറ്റുപാർട്ടികൾക്ക് കാര്യമായ റോളില്ലാതായി. എം.ജി. രാമചന്ദ്രന്റെ സിനിമകളിലെ നായികയായിരുന്ന തമിഴ് മക്കൾ ഇദയക്കനി എന്നു വിളിച്ചിരുന്ന ജയലളിത കൂടി രാഷ്ട്രീയത്തിലെത്തിയതോടെ സംസ്ഥാനത്തെ താരരാഷ്ട്രീയം ഏതാണ്ട് പൂർണമായി.
കരുണാനിധിയും എംജിആറും മാറി മാറി ഭരിച്ചിരുന്നപ്പോൾ തന്നെ എല്ലാ രാഷ്ട്രീയ അടിതടവുകളും നന്നായി പഠിച്ച ജയലളിത ഒരു തരംഗം തന്നെ തമിഴകത്ത് സൃഷ്ടിച്ചു. എം.ജി. രാമചന്ദ്രന്റെ മരണവും അനന്തരവകാശിയായി ജയലളിതയുടെ വരവുമൊക്കെ പിന്നെയും രാഷ്ട്രീയത്തെ മാറ്റിമറിച്ചു.
അങ്ങനെ ഒരു സിനിമാനടി മുഖ്യമന്ത്രിക്കസേരയിലെത്തി. എല്ലാ അർത്ഥത്തിലും ജയലളിത തമിഴിന്റെ റാണിയായി മാറി. കേവലം ഒരു സിനിമാനടിക്കപ്പുറം പക്കാ രാഷ്ട്രീയക്കാരിയായും ഭരണാധികാരിയായും ജയലളിത തിളങ്ങി. ജയലളിതയുടെ വിയോഗത്തോടെ എഡിഎംകെ എന്ന രാഷ്ട്രീയ പാർട്ടി തന്നെ തമിഴകത്ത് അപ്രസക്തമാകുന്നുവെന്നത് സമീപകാല ചരിത്രം.
ഇതിനിടയിൽ ഒട്ടേറെ താരങ്ങൾ തമിഴ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ചിറങ്ങിയെങ്കിലും പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ വീരാരാധന നിലനിൽക്കുന്പോൾ തന്നെ എല്ലാവരേയും രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നവരല്ല തമിഴ് മക്കൾ. തമിഴകത്ത് ആരാധകര്‍ ഏറെയുള്ള രജനീകാന്തിന്റെ രാഷ്ട്രീയമോഹങ്ങളൊന്നും ഇതുവരെ ഫലവത്തായിട്ടില്ല. സ്വന്തമായി പാർട്ടിരൂപീകരിച്ച കമല്‍ഹാസന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
ശിവാജിഗണേശന്, വിജയകാന്ത്, ശരത്കുമാർ, ഖുശ്ബു തുടങ്ങിയവരും രാഷ്ട്രീയത്തിലെത്തിയെങ്കിലും തരംഗമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയാണ് വിജയിന്റെ പ്രസക്തി. ജയലളിതയ്ക്കുശേഷം തിരശീലയിൽ മുഖം കാണിച്ച ഒരാൾ മുഖ്യമന്ത്രി പദവിയിലെത്തുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. താരാരാധന സൃഷ്ടിച്ച ദുരന്തഭുമികയിൽ തമിഴകം വിറങ്ങലിച്ചു നില്ക്കുന്പോൾ വരുംനാളുകൾ അതിനുത്തരം നല്‍കും.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റ നൂറോളം പേർക്ക് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് വിജയ് അറിയിച്ചു.
എക്സ് അക്കൗണ്ടിൽ കൂടിയാണ് വിജയ് ഇക്കാര്യം അറിയിച്ചത്. "എന്റെ ഹൃദയ വേദന പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുന്നു. എന്റെ കണ്ണുകളും മനസും ദുഃഖത്താൽ മൂടപ്പെട്ടിരിക്കുന്നു. ഞാൻ കണ്ടുമുട്ടിയ നിങ്ങളുടെയെല്ലാം മുഖങ്ങൾ എന്റെ മനസ്സിൽ മിന്നിമറയുന്നു. വാത്സല്യവും കരുതലും പ്രകടിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് ഞാൻ കൂടുതൽ ചിന്തിക്കുന്തോറും എന്റെ ഹൃദയം സ്ഥാനത്ത് നിന്ന് കൂടുതൽ വഴുതിപ്പോകുന്നു'.
"ഇത് നമ്മൾക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകൾ നൽകിയാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപയും ഞാൻ നൽകും'.-വിജയ് കുറിച്ചു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ അറസ്റ്റ് ഉടനില്ല. അറസ്റ്റ് ഉടൻവേണ്ടന്ന ധാരണയെ തുടർന്നാണ് തീരുമാനം.
സർക്കാർ സംഭവത്തെക്കുറിച്ച് തിങ്കളാഴ്ച കോടതിയെ അറിയിക്കും. കോടതി സ്വമേധയ കേസെടുത്തേക്കുമെന്നാണ് സർക്കാർ തമിഴ്നാട് സർക്കാർ കരുതുന്നത്.
തിടുക്കപ്പെട്ട് കേസെടുത്താൽ അത് വിജയ്ക്ക് അനുകൂല വികാരമുണ്ടാക്കിയേക്കുമെന്നും രാഷ്ട്രീയ പ്രേരിതമായ തീരുമാനമെന്നും വ്യഖ്യാനിക്കപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. വിജയ്യുടെ അറസ്റ്റ് കോടതിനിർദേശം വരെ കാത്തിരിക്കാനാണ് നിലവിലെ തീരുമാനം.
National
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യെ പരിഹസിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്.
താന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല എന്നാണ് ഉദയനിധി സ്റ്റാലിന് പറഞ്ഞത്. ആഴ്ച്ചയില്‍ ഒരുദിവസം മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളല്ല താനെന്നും മിക്ക ദിവസങ്ങളിലും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഉദയനിധി പറഞ്ഞു.
ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും തനിക്കറിയില്ലെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു. വിജയ്യുടെ ശനിയാഴ്ചകളിലെ ജില്ലാ പര്യടന പരിപാടിയെ പരിഹസിച്ചായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
"ഞാന്‍ ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല. എല്ലാ ദിവസവും ജനങ്ങളെ കാണുന്നയാളാണ്. ആഴ്ച്ചയില്‍ നാലോ അഞ്ചോ ദിവസം ഞാന്‍ പുറത്തായിരിക്കും. ശനിയാഴ്ച മാത്രമല്ല ഞായറാഴ്ച്ചയും പുറത്തായിരിക്കും. ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും എനിക്കറിയില്ല. ഇന്ന് വെളളിയാഴ്ച്ചയാണോ? എനിക്കറിയില്ല. ഞാനത് നോക്കാറില്ല'.
"ഞാന്‍ പല ജില്ലകളിലും പോകുമ്പോള്‍ അവിടെ നിവേദനങ്ങളുമായി ആളുകള്‍ നില്ക്കുന്നുണ്ടാകും. യുവജനവിഭാഗം നേതാവായിരുന്നപ്പോള്‍ കുറച്ച് നിവേദനങ്ങള്‍ ലഭിച്ചിരുന്നു. എംഎല്‍എ ആയപ്പോള്‍ അത് അധികമായി. മന്ത്രിയായപ്പോള്‍ നിവേദനങ്ങളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. ഉപമുഖ്യമന്ത്രി ആയപ്പോൾ ലഭിക്കുന്ന നിവേദനങ്ങള്‍ വയ്ക്കാന്‍ വണ്ടിയില്‍ സ്ഥലമില്ലാത്ത അവസ്ഥയായി. എങ്കിലും ഞാന്‍ വണ്ടിനിര്‍ത്തി എന്നെക്കാണാന്‍ വരുന്ന അമ്മപെങ്ങന്മാരോട് സംസാരിക്കും': ഉദയനിധി സ്റ്റാലിന് പറഞ്ഞു.
നേരത്തെ, തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും വിജയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
National
ചെന്നൈ: റാലികളും പൊതുയോഗങ്ങളും നടത്താൻ അനുമതി നൽകുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമായി ഏകീകൃത മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ തമിഴ്നാട് സർക്കാരിനോട് നിർദേശം നൽകി മദ്രാസ് ഹൈക്കോടതി.
കൂടാതെ, പൊതു സ്വത്തിന് സംഭവിക്കാവുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാനാകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടു.
നടനും തമിഴഗ വെട്രി കഴകം നേതാവുമായ വിജയ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഈ നിർദേശം മുന്നോട്ടുവച്ചത്. തങ്ങളുടെ രാഷ്ട്രീയ റാലികൾക്ക് പോലീസും "കർശനവും പാലിക്കാൻ കഴിയാത്തതുമായ' നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു വിജയ് ഹർജിയിൽ ആരോപിച്ചത്.
പാർട്ടി പ്രവർത്തകർ റാലിക്ക് ശേഷം എങ്ങനെ, എവിടേക്ക് മടങ്ങണമെന്ന് നിർദേശിക്കുക, വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക, ഗർഭിണികളും വികലാംഗരും പരിപാടിയിൽ പങ്കെടുക്കരുതെന്ന് വ്യവസ്ഥകൾ ഏർപ്പെടുത്തുക തുടങ്ങിയ അനാവശ്യമായ നിയന്ത്രണങ്ങൾ ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ടിവികെയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. രാഘവാചാരി വാദിച്ചു.
അവരോട് വരരുതെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയുമെന്നും ഇത്തരം വ്യവസ്ഥകൾ വിവേചനത്തിന് തുല്യമാണെന്ന് അദ്ദേഹം വാദിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത്തരം നിബന്ധനകൾ ബാധകമാണോ എന്ന് ജസ്റ്റീസ് എൻ. സതീഷ് കുമാർ ചോദിച്ചു. "ആരും നിയമത്തിന് അതീതരല്ല. പൊതുയോഗങ്ങൾ നിയമപരമായ പരിധിക്കുള്ളിൽ നടത്തണം. ഗതാഗതം പൂർണമായും തടഞ്ഞാൽ പൊതുജനങ്ങൾ കഷ്ടപ്പെടില്ലേ?' എന്നും ജഡ്ജി ചോദിച്ചു.
സെപ്റ്റംബർ 13ന് തിരുച്ചിയിൽ ടിവികെ നടത്തിയ റാലിയിൽ പൊതുമുതൽ നശിപ്പിച്ചെന്ന ആരോപണവും കോടതി ഗൗരവമായി പരിഗണിച്ചു. "എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക?. പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ വിജയ് ജനക്കൂട്ടത്തെ നിയന്ത്രിക്കണം. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
സുരക്ഷയുടെ ഭാഗമായി ഇത്തരം വലിയ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും ഗർഭിണികളെയും വികലാംഗരെയും ഒഴിവാക്കാൻ നേതാക്കൾ മാതൃക കാണിക്കണമെന്നും കോടതി നിരീക്ഷിച്ചു.
Movies
നടൻ വിജയ്ക്ക് പിറന്നാളാശംസകൾ നേർന്ന് തൃഷ. ഹാപ്പി ബർത്ത്ഡേ ബെസ്റ്റെസ്റ്റ് എന്ന അടിക്കുറിപ്പോടെയാണ് തൃഷയുടെ പോസ്റ്റ്. ഇതോടെ ആരാധകരടക്കം തൃഷയുടെ ഇൻസ്റ്റഗ്രാമിൽ കമന്റുകളായി സ്നേഹം അറിയിച്ചു. തൃഷയുടെ വളർത്തുനായ ഇസ്സിയെ കൈയിലെടുത്ത് കൊഞ്ചിക്കുന്ന വിജയ്യെ ചിത്രത്തിൽ കാണാം.നടൻ വിജയ്ക്ക് പിറന്നാളാശംസകൾ നേർന്ന് തൃഷ. ഹാപ്പി ബർത്ത്ഡേ ബെസ്റ്റെസ്റ്റ് എന്ന അടിക്കുറിപ്പോടെയാണ് തൃഷയുടെ പോസ്റ്റ്.
ഇതോടെ ആരാധകരടക്കം തൃഷയുടെ ഇൻസ്റ്റഗ്രാമിൽ കമന്റുകളായി സ്നേഹം അറിയിച്ചു. തൃഷയുടെ വളർത്തുനായ ഇസ്സിയെ കൈയിലെടുത്ത് കൊഞ്ചിക്കുന്ന വിജയ്യെ ചിത്രത്തിൽ കാണാം.
ഈയൊരു ആശംസയ്ക്കായി കാത്തിരിക്കുകയായിരുന്നു, ഇഷ്ട ജോഡികൾ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.
ചില ബന്ധങ്ങൾ സിനിമാ ചരിത്രത്തിലും നമ്മുടെ ഹൃദയങ്ങളിലും എഴുതപ്പെട്ടിട്ടുണ്ട്. കാലാതീതമായ കെമിസ്ട്രി എന്നാണ് മറ്റൊരു ആരാധിക കുറിച്ചത്. അതേസമയം ഗോസിപ്പ് കോളങ്ങളിലും ഇരുവരുടെയും ചിത്രം വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ വല്ല പ്രണയത്തിലുമാണോയെന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.