കുട്ടികളെ ശരിയായ ദിശയിലേക്കു നയിക്കാന്‍ സാധിക്കണം: സ്പീക്കര്‍
1544604
Wednesday, April 23, 2025 1:55 AM IST
പാലക്കാട്: മയക്കുമരുന്നെന്ന ദുരന്തത്തില്‍നിന്നും കുട്ടികളെ ശരിയായ ദിശയിലേക്കുനയിക്കാന് സാധിക്കണമെന്നു നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍.
കിഫ്ബി ഫണ്ടില്‍ നിന്നും 7.5 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുഴല്‍മന്ദം ഗവ. ഹൈ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
കേരളത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളില്‍ കുട്ടികളും പങ്കുചേരണം. പരിസരശുചിത്വത്തെകുറിച്ചും വ്യക്തിശുചിത്വത്തെകുറിച്ചും കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കണം.
അതും വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ അധ്യാപകര്‍ക്കുള്ള പങ്കുവലുതാണെന്നും സ്പീക്കര്‍ പറഞ്ഞു.
സ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിനായി രണ്ടരഏക്കര്‍ സ്ഥലം സൗജന്യമായി നല്കിയ രുക്മണിയമ്മയേയും കുടുംബത്തെയും സ്പീക്കര്‍ പരിപാടിയില്‍ അഭിനന്ദിച്ചു.
കെ.ഡി. പ്രസേനന്‍ എംഎല്‍എ അധ്യക്ഷനായ പരിപാടിയില്‍ കെ. രാധാകൃഷ്ണന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഷാബിറ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ്, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണന്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആസിഫ് അലിയാര്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുനിജ, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശാന്തകുമാരി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.