സംരക്ഷണംതേടി അടങ്ങൽകുളം
1545485
Saturday, April 26, 2025 1:08 AM IST
ഒറ്റപ്പാലം: അടങ്ങൽ കുളം നവീകരിക്കണമെന്ന ആവശ്യം ശക്തം. ലക്കിടി-പേരൂർ പഞ്ചായത്തിലെ വലിയ ജലസ്രോതസുകളിലൊന്നായ പേരൂർ അടങ്ങൽകുളം നിലവിൽ നാശത്തിന്റെ വക്കിലാണ്. ഒന്നേമുക്കാൽ ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന ജലാശയമാണ് ചണ്ടിയും പുല്ലും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്നത്. പരിപാലനമില്ലാത്തതിനാൽ കുളത്തിന്റെ അതിരുപോലും അറിയാൻ കഴിയുന്നില്ല.
വേനലിലും വർഷത്തിലും പേരൂരിനും അകലൂരിനും സമീപ പ്രദേശങ്ങൾക്കുമൊക്കെ ജീവനാഡിയായിരുന്ന അടങ്ങൽക്കുളത്തിന്റെ ദുഃസ്ഥിതി തുടങ്ങിയിട്ട് വർഷങ്ങളായി. സമീപപ്രദേശങ്ങളിലെ നെൽക്കൃഷിക്കുമാധാരം അടങ്ങൽകുളമായിരുന്നു. തണ്ണീർത്തട സംരക്ഷണത്തെക്കുറിച്ച് ഒരുഭാഗത്ത് വാചാലമാകുമ്പോഴാണ് ലക്കിടി-പേരൂരിൽ വലിയ ജലസ്രോതസുകൾ ഒന്നൊന്നായി നശിക്കുന്നത്.
ഓരോ പ്രാവശ്യവും പ്രതിഷേധം ശക്തമാകുമ്പോൾ ചെറിയപണികൾ നടത്തി തടിതപ്പുകയാണ് അധികൃതർ ചെയ്യുന്നത്. കുളം നവീകരണത്തിനായുള്ള വലിയതുക കണ്ടെത്താൻ പരിമിതിയുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. കുളം നശിച്ചാൽ പരിസരപ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തെയും ബാധിക്കും. ജലസ്രോതസിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ളപദ്ധതികളും പ്രശ്നത്തിലാകും.
ഓരോവർഷവും മഴക്കാലത്ത് കുളത്തിന്റെ വശങ്ങളിടിഞ്ഞ് നികന്നുപോകുന്നതായി പരിസരവാസികൾ പറഞ്ഞു. പഞ്ചായത്തിന്റേയും ജനപ്രതിനിധികളുടേയും അടിയന്തര ഇടപെടലിലൂടെ കുളം സംരക്ഷിക്കണമെന്നാണ് പൊതുജന ആവശ്യം.