ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി
1545481
Saturday, April 26, 2025 1:08 AM IST
പാലക്കാട്: ഭാര്യയുടെ മാതാപിതാക്കളെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ടൗണ്‍ നോർത്ത് പോലീസ് പിടികൂടി. മേപ്പറന്പ് മിഷൻ കോന്പൗണ്ടിൽ താമസിക്കുന്ന റിനോയ് മോസസി(39)നെ യാണ് മംഗലാപുരത്തുനിന്നും പിടികൂടിയത്. കഴിഞ്ഞ 21 ന് രാവിലെ 11 ന് പിരായിരി ഇന്ദിരാ നഗറിൽ താമസിക്കുന്ന ടെറി ജോണ്‍, മോളി ടെറി എന്നിവരെയാണ് റിനോയ് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഭാര്യ രേഷ്മയുമായി അകന്നു കഴിയുന്ന പ്രതി ഭാര്യയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് എത്തിയത്. എന്നാൽ ഇയാൾ എത്തുന്പോൾ ഭാര്യയുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് അവരുമായി വാക്കേറ്റമുണ്ടായി. അതിനിടെ പ്രത്യേകം ഉണ്ടാക്കിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് ടെറിയേയും മോളിയേയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സംഭവശേഷം ഷൊർണൂരിൽ നിന്നും ട്രെയിൻമാർഗം രക്ഷപ്പെട്ട പ്രതി മംഗലാപുരത്ത് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവരവേയാണ് നോർത്ത് പോലീസ് പിടികൂടിയത്.
ടൗണ്‍ നോർത്ത് ഇൻസ്പെക്ടർ വിപിൻ കെ. ഗോപാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ. വിജയരാഘവൻ, എഎസ്ഐ കെ.ബി. കലാധരൻ, എസ്സിപിഒ മാരായ കെ. പി. മനീഷ്, കെ. സുധീർ, ടി.ആർ. പ്രദീപ്, ശരത് ബാബു, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.