കാട്ടുപന്നികളുടെ സാന്നിധ്യം ഗൗരവകരം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1544609
Wednesday, April 23, 2025 1:55 AM IST
പാലക്കാട്: വനമേഖലയിൽമാത്രം കണ്ടിരുന്ന കാട്ടുപന്നിയുടെ സാന്നിധ്യം ടൗണിൽവരെ എത്തിയതു ഗൗരവകരമായി കാണണമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി.
ജില്ലയിലെ വന്യജീവി ആക്രമ ണ ലഘൂകരണ ജില്ലാതല നിയന്ത്രണസമിതി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു പ്രദേശത്ത് വന്യമൃഗങ്ങൾ എത്രയുണ്ടെന്നു സർവേ നടത്തി കണ്ടെത്തുകയും കൂടുതലുള്ളവയെ ഒഴിവാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
അക്വേഷ്യ, യൂക്കാലി മരങ്ങൾ എത്രയുണ്ടെന്നും വേനൽകാലത്ത് തീ പിടിത്തമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ എത്രയുണ്ടെന്നും വേനൽകാലത്ത് പുല്ലുമുളക്കുന്നതിനായി വെള്ളം സ്പ്രിംഗിൾ ചെയ്യാനുള്ള സംവിധാനങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥരോടു മന്ത്രി ചോദിച്ചറിഞ്ഞു.
മയിൽ, കുരങ്ങ് എന്നിവ ജനവാസമേഖലകളിൽ ശല്യമാകുന്നതു നിയന്ത്രിക്കാനാകണമെന്നും യോഗ പ്രകാരം അക്രമകാരികളായ വന്യമൃഗങ്ങളെ ഒഴിവാക്കുന്നതിനായി സർക്കാരിലേക്ക് പ്രൊപ്പോസൽ അയക്കണമെന്നും മന്ത്രി നിർദേശിച്ചു.
എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികൾ കൂടുതൽ കാര്യക്ഷമമാകണം. പഞ്ചായത്തുകളിൽ വാർഡുതലത്തിൽ പ്രാഥമിക പ്രതികരണസംഘം രൂപീകരിക്കണം.
കാട്ടുപന്നിയെ നിയന്ത്രിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും കർഷകരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സഹകരണത്തോടുകൂടി നിയന്ത്രിത വധനടപടികൾ സ്വീകരിക്കണം. പാമ്പുകടി മരണങ്ങൾ കൂടുതലുള്ള ജില്ലയായതിനാൽ സർപ്പ പദ്ധതിയിലേക്ക് കൂടുതൽ പേർക്ക് ട്രെയിനിംഗ് നൽകാൻ സാധിക്കണം. പാമ്പുകടിയേറ്റവർക്ക് ആന്റിവെനം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. പാമ്പുകടി ഏറ്റാൽ വീടുകളിൽ സ്വയംചികിത്സയ്ക്കു മുതിരാതെ ആശുപത്രികളിൽ അവരെ എത്തിക്കുന്നതിനും ശരിയായചികിത്സ ഉറപ്പാക്കുന്നതിനും പഞ്ചായത്തുകൾ മുൻകൈയെടുക്കണം.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബൂട്ട് , ഗ്ലൗസ് തുടങ്ങിയ അവശ്യ സാധനങ്ങളും ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തണം. വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി സോളാർ ഫെൻസിംഗ് ഏർപ്പെടുത്തുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽപ്രാധാന്യം നൽകണം. വന്യമൃഗങ്ങൾക്ക് ആഹാരവും വെള്ളവും വനത്തിൽതന്നെ ലഭ്യമായാൽ നാട്ടിലേക്കിറങ്ങുന്നതിന് തടയിടാൻ ആകും. ഫെൻസിംഗിൽ നിർമാണത്തോടൊപ്പം അറ്റകുറ്റപ്പണികൾ വളരെ പ്രാധാന്യമേറിയതാണ്. ജനജാഗ്രതസമിതി ഇതിൽ കൂടുതൽ ശ്രദ്ധിക്കണം. ഐഐടി പാലക്കാടുമായി സഹകരിച്ചു കൂടുതൽ നൂതന പദ്ധതികൾ ആവിഷ്കരിച്ചുവരികയാണെന്നും അജണ്ട അവതരിപ്പിച്ച ജില്ലാകളക്ടർ ജി. പ്രിയങ്ക പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ഡെപ്യൂട്ടി കളക്ടർ (ആർആർ) അൽഫ, പാലക്കാട് ഡി.എഫ്ഒ ജോസഫ് തോമസ്, മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് വിജയൻ, നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.