ഞായറാഴ്ച ബസ് സർവീസ് ഉണ്ടാകുമെന്ന് നോട്ടീസ് പ്രദർശിപ്പിച്ച് സ്വകാര്യ ബസുകൾ
1545478
Saturday, April 26, 2025 1:08 AM IST
വടക്കഞ്ചേരി: കാലം മാറി, നാട്ടിൻപുറങ്ങളിലും ഉൾഗ്രാമങ്ങളിൽ പോലും സ്വന്തമായി വാഹനമുള്ളവരുടെ എണ്ണം വർധിച്ചതോടെ ബസുകൾ ട്രിപ്പുകൾ വെട്ടിക്കുറച്ചാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഉൾനാടുകളിലെ പലയിടത്തേക്കും ഞായറാഴ്ചകളിൽ സർവീസ് ഇല്ലാത്ത സ്ഥിതിയാണ്. യാത്രക്കാരെ കിട്ടുമെന്ന് ഉറപ്പുള്ള ദിവസങ്ങളിൽ ബസുകളിൽ സ്റ്റിക്കർ ഒട്ടിച്ചുവച്ചാണ് ബസുകൾ ഓടുന്നത്.
വടക്കഞ്ചേരി - മുടപ്പല്ലൂർ വഴി പോകുന്ന സ്വകാര്യ ബസിൽ കോണിപ്പടിയിൽ ഒട്ടിച്ചു വച്ചിട്ടുള്ള സ്റ്റിക്കറാണിത്. എല്ലാ ഞായറാഴ്ചകളിലും ബസ് സർവീസ് ഉണ്ടാകുമെന്നാണ് യാത്രക്കാർക്കുള്ള ഈ അറിയിപ്പ്. സ്വന്തമായി മറ്റു വാഹനങ്ങളില്ലാത്തവർക്ക് ബസുകൾ തന്നെയാണ് ഇപ്പോഴും ആശ്രയം. അതല്ലെങ്കിൽ വലിയ വാടകയ്ക്ക് വാഹനം വിളിക്കണം. മുമ്പൊന്നും ബസുകളിൽ ഇങ്ങനെ സ്റ്റിക്കർ ഒട്ടിച്ച് യാത്രക്കാരെ അറിയിക്കേണ്ട ഗതികേട് ബസുകാർക്ക് ഉണ്ടാകാറില്ല. ഒഴിവുദിവസങ്ങളിലും വേനലവധി കാലത്തുമെല്ലാം യാത്രക്കാർ തിങ്ങിനിറഞ്ഞാണ് ബസുകൾ പോയിരുന്നത്. കാലം മാറിയതോടെ അമ്പതും അറുപതും യാത്രക്കാരെ കൊണ്ടുപോയിരുന്ന ഒരു ബസിനു പകരം അത്ര തന്നെ കാറുകളും ഇരുചക്ര വാഹനങ്ങളുമായി.
ഒരു വീട്ടിൽനിന്നുതന്നെ ഒന്നോ രണ്ടോ യാത്രക്കാരുമായി രണ്ടും മൂന്നും കാറുകൾ ഒരേ സ്ഥലത്തേക്ക് തന്നെ പോകുന്നു. ഇതിനാൽ റോഡിൽ വാഹനകുരുക്കും കൂടി. എത്തേണ്ടിടത്ത് യഥാസമയം എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. ബസ്ചാർജ് ഇനിയും കൂട്ടിയാൽ ഉള്ള യാത്രക്കാരുപോലും ഇല്ലാതാകുമെന്നാണ് യാത്രക്കാർ പറയുന്നത്. ഓട്ടോറിക്ഷ നിരക്ക് കൂട്ടുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുക. സ്ത്രീകൾ മാത്രമുള്ള വീടുകളാണെങ്കിൽ പോലും ഇരുചക്ര വാഹനമെങ്കിലും വാങ്ങി അത്യാവശ്യങ്ങൾക്ക് പോകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി.
മലയോരങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസുകൾ ഞായറാഴ്ചകളിൽ സർവീസ് നടത്തുന്നത് അപൂർവകാഴ്ചയാണിപ്പോൾ. പലകാരണങ്ങൾ പറഞ്ഞാണ് കെഎസ്ആർടിസി ബസുകൾ ഞായറാഴ്ചകളിൽ ഓട്ടം നിർത്തിവയ്ക്കുന്നത്.