നവീകരണം അനിശ്ചിതത്വത്തിൽ: പ്രതിഷേധം വ്യാപകമാകുന്നു
1544886
Thursday, April 24, 2025 1:31 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട്- അട്ടപ്പാടി അന്തർസംസ്ഥാന പാതയുടെ ഒന്നാംഘട്ട നവീകരണം അനിശ്ചിതത്വത്തിലായതോടെ പ്രതിഷേധം ശക്തം. നവീകരണം നെല്ലിപ്പുഴയിൽനിന്നു തെങ്കര എത്തിയതോടെ നിലച്ചു.
ഇതാണ് വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. കഴിഞ്ഞദിവസം എൻ. ഷംസുദീൻ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ മാർച്ച് 31നകം ആനമൂളി വരെയുള്ള നവീകരണം പൂർത്തിയാക്കുമെന്നു കരാറുകാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് നടപ്പായില്ല. ഇതിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയപാർട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണു തീരുമാനം. ടാറിംഗ് പൂർത്തിയാകാത്തതിനാൽ റോഡിലെ കുഴികൾ കാരണം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ടാണ്.
കൂടാതെ പൊടി ഉയരുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കടകൾ തുറക്കാൻ പോലും കഴിയുന്നില്ലെന്നു വ്യാപാരികൾ പറയുന്നു. കാൽനടയാത്രക്കാർക്കും ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഫണ്ടിന്റെ അപാകതയോ മറ്റു നിയമപ്രശ്നങ്ങളോ ഇല്ലെന്നാണു അറിയുന്നത്. കരാറുകാരാണ് നവീകരണം വൈകിപ്പിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.
അതിനാൽ കരാറുകാരെ മാറ്റിയാണെങ്കിലും പ്രവൃത്തി തുടരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.