മന്ദത്തുകാവ് പാതയിൽ മാലിന്യംതള്ളുന്നവരെ പിടികൂടാൻ നടപടിവേണം
1545145
Friday, April 25, 2025 1:18 AM IST
പുതുനഗരം: മന്ദത്തുകാവ് - പെരുവെമ്പ് പാതയ്ക്കിരുവശത്തും മാംസാവശിഷ്ടം ഉൾപ്പെടെ മാലിന്യംതള്ളുന്നത് വാഹനസഞ്ചാരം അതീവദുഷ്കരമാക്കുന്നു. റോഡിന്റെ പലഭാഗത്തും ചാക്കിൽകെട്ടി തള്ളിയ ഇറച്ചി മാലിന്യം റോഡിൽ ചിതറി കിടക്കുകയാണ്. ഇതുകാരണം തെരുവുനായ ശല്യം അനുദിനം കൂടിവരികയാണ്. രാത്രിയാവുന്നതോടെ പന്നികളും റോഡിൽ എത്തുന്നത് ഇരുചക്ര വാഹനസഞ്ചാരം ഭീതിജനകമാകുന്നുണ്ട്.
സഞ്ചാരസൗകര്യമുള്ള റോഡെന്നതിനാലാണ് പാലക്കാട് യാത്രക്കാർ മന്ദത്ത്കാവ് വഴി സഞ്ചരിക്കുന്നത്. പന്നിയെ കണ്ട് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ നിരവധി യാത്രികർക്ക് പരിക്കേറ്റ സംഭവം നടന്നിട്ടുണ്ട്. പലരും വന്യമൃഗഭീതിയിൽ തണ്ണീർപ്പന്തൽ പാത വഴിയാണ് രാത്രിസഞ്ചാരം. വിസ്താരക്കുറവും കൂടുതൽ വാഹന സഞ്ചാരവുമുള്ള പാതയാണിത്. മന്ദത്ത് കാവ് റോഡിൽ വീടുകൾ കുറവാണെന്നതിനാലാണ് വാഹനങ്ങളിൽ മാലിന്യം എത്തിച്ച് തള്ളുന്നത്. പ്രഭാതസമയങ്ങളിൽ വാഹനം കയറി ചത്ത വിഷപ്പാമ്പുകളുടെ ജഡവും കാണാറുണ്ട്.
റോഡതിക്രമിച്ചു നിൽക്കുന്ന പാഴ്ചെടികൾക്കിടയിലാണ് മാലിന്യം തള്ളുന്നത്. കൊടുവായൂർ - പുതുനഗരം പാതയിൽ മാലിന്യം തള്ളുന്നവരെ പിടികൂടി ഭീമമായ സംഖ്യ പിഴയിടാൻ തുടങ്ങിയതോടെയാണ് ഇപ്പോൾ മന്ദത്ത്കാവ് റോഡിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം കൂടിവരുന്നത്. റോഡരികിൽ സോളാർലാമ്പുകളും നിരീക്ഷണ കാമറകളും സ്ഥാപിച്ച് പ്രതികളെ പിടികൂടണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്.