മഴപെയ്താൽ ചീനിക്കപ്പാറക്കാർ വഴിയിൽ കുടുങ്ങും
1545151
Friday, April 25, 2025 1:18 AM IST
പാലക്കയം: മാനംകറുത്താൽ, വട്ടപ്പാറ മലയിൽ മഴപെയ്താൽ ചീനിക്കപ്പാറ നിവാസികൾ വഴിയിൽ കുടുങ്ങും. പുഴയ്ക്കുകുറുകെ പാലം ഇല്ലാത്തതാണ് വഴിയിൽ കുടുങ്ങാൻ കാരണം. വട്ടപ്പാറപുഴയ്ക്ക് മൂന്നാംതോട്ടിൽ ഒരു ചപ്പാത്തു മാത്രമാണുള്ളത്. ചീനിക്കപ്പാറയിലേയ്ക്ക് ഈ ചപ്പാത്തിലൂടെ മാത്രമാണ് പ്രദേശവാസികൾക്ക് നടന്നുപോകാൻ സാധിക്കൂ.
മലയിൽ മഴ പെയ്യുമ്പോഴെല്ലാം ഈ ചപ്പാത്ത് കവിഞ്ഞ് ഒഴുകുന്നത് പതിവാണ്. നിലനിരപ്പിൽ നിന്നും അഞ്ച് അടി മാത്രം ഉയരത്തിൽ നിർമിച്ചിട്ടുള്ള ഈ നടപ്പാലം വെള്ളത്തിനടിയിലാകുന്നതോടെ കുട്ടികളും പ്രായമായവരും സ്തീകളും ഇക്കരെ കാത്തിരിപ്പാണ് വെള്ളം താഴുന്നതുവരെ.
സമീപത്ത് 15 അടി ഉയരത്തിൽ 3 അടി വീതിയിൽ ഒരു നടപ്പാലം നിർമിച്ചത് കാലപ്പഴക്കം മൂലം തകർന്നു തുടങ്ങിയിട്ടുണ്ട്. ആരും ഈ പാലം ഉപയോഗിക്കാറില്ല. ചീനിക്കപ്പാറയിലുള്ളവർ ഈ ചപ്പാത്ത് കടന്ന് പാലക്കയത്ത് എത്തിവേണം അത്യാവശ്യ സാധനങ്ങൾ വാങ്ങാനും ആശുപത്രികളിൽ പോകാനും. പുഴയ്ക്കു കുറുകെ പുതിയ പാലം നിർമിക്കണമെന്ന ്ആവശ്യപ്പെട്ട് അധികാരികൾക്ക് പരാധി നൽകിയിട്ടും പരിഹാരമായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്.