പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരുടെ മുന്നേറ്റം ലക്ഷ്യം: മന്ത്രി ഒ.ആർ. കേളു
1545484
Saturday, April 26, 2025 1:08 AM IST
പാലക്കാട്: പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്നവരെ സംസ്ഥാനത്തിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളിലും സാമൂഹ്യ സാംസ്കാരികമേഖലകളിലും ഉൾക്കൊള്ളിച്ച് പൊതുസമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണമെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മേയ് 18 ന് മലന്പുഴ ട്രൈപ്പന്റ ഹോട്ടലിൽ നടക്കുന്ന സംസ്ഥാനതല പട്ടികജാതി വർഗ മേഖലാസംഗമത്തിന്റെ സംഘാടകസമിതി യോഗം കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തദ്ദേശീയ ജനവിഭാഗമായ പട്ടികജാതി-പട്ടികവർഗ മറ്റ് പിന്നോക്ക വിഭാഗത്തിലുള്ളവരുടെ സാസ്കാരിക സാമൂഹിക മുന്നേറ്റം ലക്ഷ്യംവച്ച് പ്രവർത്തിച്ചാലേ വികസനത്തിന് പൂർണത ഉണ്ടാകൂ. ഏറെ മുന്നേറ്റം ഉണ്ടായെങ്കിലും ഇനിയും വലിയ പ്രാധാന്യം ഈ വിഭാഗത്തിന് നൽകണം. എല്ലാ ജില്ലകളിൽ നിന്നുള്ള തദ്ദേശീയ വിഭാഗത്തിലുള്ള ജനങ്ങളെ ഉൾക്കൊള്ളിച്ച് അവരുടെ അഭിപ്രായങ്ങൾ മുഖ്യമന്ത്രിയോട് നേരിട്ട് അവതരിപ്പിക്കാനുള്ള അവസരവും ആവശ്യമുള്ള തുടർനടപടികളും ഉറപ്പാക്കുകയാണ് മേഖലാസംഗമത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വികസനം ലഭ്യമായിട്ടില്ലാത്ത മേഖലയിലുള്ളവരെ സംഗമത്തിൽ പങ്കെടുപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സാധ്യമായ കാര്യങ്ങൾ നേടിയെടുക്കുന്നതിന് അവർക്ക് സാധിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
യോഗത്തിൽ എംഎൽഎമാരായ കെ.ബാബു, കെ.ഡി. പ്രസേനൻ, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, പട്ടികവർഗ പിന്നാക്ക വികസന വകുപ്പ് അഡീഷണൽ സെക്രട്ടറി പുനിത് കുമാർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ധർമ്മലശ്രീ, പട്ടിക വർഗ വികസനവകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്, എഡിഎം കെ. മണികണ്ഠൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മേയ് 18 ന് നടക്കുന്ന മേഖലാസംഗമത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള പട്ടികജാതി പട്ടികവർഗ വിഭാഗക്കാരായ 1200 പേർ പങ്കെടുക്കും. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കർഷകർ, കായിക താരങ്ങൾ, ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുന്നവർ, വകുപ്പിന്റെ വിവിധ സ്കോളർഷിപ്പ് പോലുള്ള പദ്ധതികളിലൂടെ സമൂഹത്തിന്റെ ഉന്നത പദവിയിൽ എത്തിയവർ,
മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികൾ, ഉന്നത വിജയം നേടിയ വിദ്യാർഥികൾ, വിവിധ കലകളിൽ പ്രാവീണ്യം നേടിയവർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിശിഷ്ഠ വ്യക്തികൾ, ഉൗരുമൂപ്പൻമാർ, പാലക്കാട് മെഡിക്കൽ കോളജ്, ഐഐടി, ഐഐഎം, എൻഐ ടി എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, റിസർച്ച് സ്കോളർമാർ, ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയവർ, വിംഗ്സ് പദ്ധതിയുടെ ഗുണഭോക്താക്കൾ, വിദേശ വിദ്യാഭ്യാസം പൂർത്തിയാക്കിയവർ, പ്രൊമോട്ടർമാർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ പരിപാടിയിൽ പങ്കാളികളാകും.