കോയമ്പത്തൂരിലെ റെയിൽവേ വികസനം: കേന്ദ്രമന്ത്രിക്കു നിവേദനം നൽകി
1545146
Friday, April 25, 2025 1:18 AM IST
കോയമ്പത്തൂർ: സൗത്ത് മണ്ഡലം എംഎൽഎ വാനതി ശ്രീനിവാസൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. തീർപ്പാക്കാത്ത വിവിധ റെയിൽവേ സംബന്ധമായ നിർദേശങ്ങളും കോയമ്പത്തൂരിലെ ജനങ്ങളുടെ അഭ്യർഥനകളും എടുത്തുകാട്ടി. ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന മൂന്നാമത്തെ റെയിൽവേ ജംഗ്ഷനായ കോയമ്പത്തൂരിൽ രണ്ട് പിറ്റ് ലൈനുകൾ മാത്രമേ ഉള്ളൂ. അത് അപര്യാപ്തമാണ്. ഈ മേഖലയുടെ വളർച്ച നിലനിർത്താൻ അടിസ്ഥാനസൗകര്യങ്ങളും ട്രെയിൻ കണക്റ്റിവിറ്റിയും ആവശ്യമാണ്.
മയിലാടുതുറൈ മുതൽ തഞ്ചാവൂർ വരെ പഴനി, പൊള്ളാച്ചി, കിണത്തുകടവ് വഴി കോയമ്പത്തൂർ വരെ നീട്ടുന്നതിനുള്ള നിർദേശം നിലവിൽ റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
കോയമ്പത്തൂർ, പൊള്ളാച്ചി വഴി സേലം ഡിവിഷൻ ഈറോഡിൽ നിന്ന് രാമേശ്വരത്തേക്ക് ഒരു പുതിയ ട്രെയിൻ സർവീസ് അവതരിപ്പിക്കുന്നതിനുള്ള നിർദേശം എത്രയും വേഗം അംഗീകരിക്കണം. തിരുവനന്തപുരത്ത് നിന്ന് എറണാകുളം, പാലക്കാട് വഴി കോയമ്പത്തൂരിലേക്കുള്ള പുതിയ വന്ദേ ഭാരത് സർവീസ് ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് സൗകര്യമാകും. പഴനി വഴി നാഗർകോവിൽ, കോയമ്പത്തൂർ, നാഗർകോവിൽ സെക്ഷനിൽ ജനശതാബ്ദി എക്സ്പ്രസ് പഴനിയിലേക്കും മധുരയിലേക്കും യാത്ര ചെയ്യുന്ന തീർഥാാടകരെ പ്രോത്സാഹിപ്പിക്കും.
കോയമ്പത്തൂരിലെ ജനസംഖ്യ നഗരത്തിലും വിപുലീകൃത പ്രദേശത്തും 35 ലക്ഷത്തിലധികം വരുന്നതിനാൽ വളർച്ച നിറവേറ്റുന്നതിനായി മൂന്ന് റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കണം.
നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കോയമ്പത്തൂർ നോർത്ത് റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ പുനർവികസിപ്പിച്ചിട്ടുണ്ട്, ചെറിയ ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യങ്ങളുള്ള രണ്ട് ദ്വീപ് പ്ലാറ്റ്ഫോമുകൾ കൂടി നിർമിക്കണം. തുടങ്ങിയ ആവശ്യങ്ങളാണ് റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.