ഒറ്റപ്പാലം നഗരസഭയിൽ ഭവനാനുകൂല്യ വിതരണം കാര്യക്ഷമമല്ലെന്നു പരാതി
1544885
Thursday, April 24, 2025 1:31 AM IST
ഒറ്റപ്പാലം: ഭവനാനുകൂല്യ വിതരണത്തിൽ വീഴ്ച്ചയെന്നു നഗരസഭാ കൗൺസിൽ യോഗത്തിൽ വിമർശനം.
ഒറ്റപ്പാല നഗരസഭാപരിധിയിൽ നടക്കുന്ന ഭവനപുനരുദ്ധാരണ പദ്ധതിയുടെ ആനുകൂല്യം നൽകുന്നതിൽ മെല്ലെപ്പോക്കെന്നാണു കൗൺസിൽയോഗത്തിൽ വിമർശനമുയർന്നത്.
എസ്സി- ജനറൽ വിഭാഗങ്ങൾക്കു നൽകേണ്ട രണ്ടാംഗഡു വിതരണത്തെച്ചൊല്ലിയായിരുന്നു പ്രതിഷേധം. വീടുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള പദ്ധതിയുടെ രണ്ടാംഗഡു വിതരണമാണു വൈകുന്നത്.
36 വാർഡുള്ള നഗരസഭയിലെ ഓരോ വാർഡിൽനിന്ന് പൊതുവിഭാഗത്തിൽ നാലുപേർക്കും എസ്സി വിഭാഗത്തിൽ രണ്ടുപേർക്കുമാണ് ഫണ്ടനുവദിക്കുന്നത്. ജനറൽവിഭാഗത്തിന് 30,000 രൂപ വീതവും എസ്സി വിഭാഗത്തിന് 40,000 രൂപ വീതവുമാണ് ധനസഹായം. ആദ്യഗഡു വിതരണത്തിലും കാലതാമസം നേരിട്ടിരുന്നതായി പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തെ ചില കൗൺസിലർമാരുടെ വാർഡുകളിലെ വാർഡ്സഭാ യോഗങ്ങൾ സമയത്ത് നടത്താത്തതാണ് പദ്ധതി നിർവഹണത്തിന് തടസമായതെന്നു സിപിഎം കൗൺസിലർമാർ വാദിച്ചു.
എല്ലാ വ്യക്തിഗത ആനുകൂല്യവിതരണത്തിലും കാലതാമസം നേരിടുന്നുണ്ടെന്നു പ്രതിപക്ഷം തിരിച്ചടിച്ചു.