ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജിതം
1544613
Wednesday, April 23, 2025 1:55 AM IST
പാലക്കാട്: പിരായിരിയില്‍ ഭാര്യയുടെ മാതാപിതാക്കളെ യുവാവ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ ദിവസമാണ് മേപ്പറമ്പ് സ്വദേശിയായ റിനോയ് ഭാര്യവീട്ടിലെത്തി ഭാര്യപിതാവ് ടെറി, മാതാവ് മോളി എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
ഭാര്യ രേഷ്മയെ ആക്രമിക്കാന്‍ കിട്ടാത്ത വൈരാഗ്യമാണ് പ്രതി മാതാപിതാക്കള്‍ക്കുമേല്‍ തീര്‍ത്തതെന്നാണ് നിഗമനം. സംഭവംനടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീനായിട്ടില്ല.
ഗുരുതര പരിക്കേറ്റ് ജില്ലാശുപത്രിയില്‍ കഴിയുന്ന വൃദ്ധദമ്പതികള്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനായി കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനുശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്.
സംഭവശേഷം 14 വയസുള്ള കുട്ടിയെയുംകൊണ്ടു പ്രതി ഒളിവിൽ പോവുകയായിരുന്നു. ആക്രമണം നടന്ന വീടിനു സമീപത്തെ സിസി ടിവികളും ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
പ്രതിയെ ഉടനെ പിടികൂടുമെന്നു നോര്‍ത്ത് പോലീസ് അറിയിച്ചു.