ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഇനിമുതൽ നേത്രശസ്ത്രക്രിയയും
1545147
Friday, April 25, 2025 1:18 AM IST
ഒറ്റപ്പാലം: താലൂക്കാശുപത്രിയിലെ നേത്രശസ്ത്രക്രിയാ വിഭാഗം പ്രവർത്തനം തുടങ്ങി. രണ്ടരവർഷത്തിനുശേഷമാണ് പ്രവർത്തനം തുടങ്ങിയത്. രണ്ട് ഡോക്ടർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം തിമിരശസ്ത്രക്രിയയും നടന്നു. ഇനി രണ്ടാഴ്ചയിലൊരിക്കൽ ശസ്ത്രക്രിയ നടക്കുമെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. തിമിരമുൾപ്പെടെയുള്ള ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് ഇതുവരെ ജില്ലാ ആശുപത്രിയേയോ സ്വകാര്യ ആശുപത്രികളേയോ സമീപിക്കേണ്ട സ്ഥിതിയായിരുന്നു.
ഒറ്റപ്പാലത്തെ നേത്രരോഗവിദഗ്ദ ഡോ. ടി.വി. സിത്താര, ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ നേത്രരോഗവിദഗ്ദ ഡോ. അണിമ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പുനരാരംഭിച്ചത്. 2022 ഒക്ടോബറിലാണ് നേത്രശസ്ത്രക്രിയാ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുനീക്കിയത്.
മാസ്റ്റർപ്ലാൻപ്രകാരം പുതിയകെട്ടിടം നിർമിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ അന്ന് ശസ്ത്രക്രിയാവിഭാഗത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാത്തതുമൂലം പ്രവർത്തനം മുടങ്ങി. പിന്നീട് അർബുദചികിത്സാ കേന്ദ്രത്തിനുണ്ടാക്കിയ കെട്ടിടത്തിന് മുകൾനിലയിലേക്ക് ശസ്ത്രക്രിയാവിഭാഗം മാറ്റിയെങ്കിലും ഡോക്ടർ സ്ഥലംമാറിപ്പോയതുമൂലം പ്രവർത്തനം നടന്നില്ല. പിന്നീട് ഡോക്ടറെത്തിയെങ്കിലും സാങ്കേതികപ്രശ്നങ്ങൾ മൂലം പ്രവർത്തിച്ചില്ല.
പിന്നീട് ചുമതലയേറ്റ ഡോക്ടറെ സസ്പെൻഡ് ചെയ്യുന്ന സ്ഥിതിയുണ്ടായതോടെ ശസ്ത്രക്രിയാവിഭാഗം പുനരാരംഭിക്കൽ നീണ്ടു. ഒടുവിൽ പുതിയ ഡോക്ടർ ടി.വി. സിത്താര ചുമതലയേൽക്കുകയും മുൻപ് ഇവിടെ നേത്രശസ്ത്രക്രിയ ചെയ്തിരുന്ന ചിറ്റൂർ ആശുപത്രിയിലെ ഡോ. അണിമ സഹായത്തിനായി എത്തുകയും ചെയ്തതോടെയാണ് പുനരാരംഭിക്കാനായത്.
2019 ജൂലൈയിലാണ് താലൂക്കാശുപത്രിയിൽ നേത്രശസ്ത്രക്രിയാ വിഭാഗം പ്രവർത്തനം തുടങ്ങിയത്.