അതിർത്തിഗ്രാമങ്ങൾ അടുത്തറിയാൻ യുവാക്കൾക്ക് അവസരം
1545488
Saturday, April 26, 2025 1:08 AM IST
പാലക്കാട്: കേന്ദ്ര യുവജനകാര്യ മന്ത്രലയം മേരാ യുവഭാരത് വഴി രാജ്യത്തിന്റെ അതിർത്തിഗ്രാമങ്ങൾ അടുത്തറിയാൻ യുവാക്കൾക്ക് അവസരം നൽകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവതീയുവാക്കൾക്കാണ് അവസരം. വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി. ലേഹ് ലഡാക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ 10 ദിവസം താമസിച്ച് പഠിക്കാനും സേവനപ്രവർത്തനങ്ങൾ നടത്താനുമാണ് പദ്ധതി അവസരം ഒരുക്കുന്നത്.
യുവജനകാര്യം, ഗ്രാമവികസനം, സാംസ്കാരിക വിനിമയം, സാമൂഹ്യസേവന മേഖലകളിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള ശാരീരികക്ഷമതയുള്ള 21നും 29നും ഇടയിൽ പ്രായമുള്ളവർക്ക് ഭാഗമാകാം. നെഹ്റു യുവകേന്ദ്ര, എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വോളന്റിയർമാർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ മേരാ യുവ ഭാരത് പോർട്ടലിൽ മേയ് മൂന്നിന് മുൻപായി രജിസ്റ്റർ ചെയ്യണം. മേയ് 15 മുതൽ 30 വരെയുള്ള പരിപാടിയിൽ കേരളത്തിൽ നിന്ന് 15 പേർക്കും ലക്ഷദ്വീപിൽ നിന്നും 10 പേർക്കും ആണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരെയോ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരെയോ ബന്ധപ്പെടാം. ഫോണ്: 6282296002.