"ഗോത്രജനതയുടെ അറിവുകളുടെ പിൻബലത്തിൽ വന്യജീവി ആക്രമണം കുറയ്ക്കണം'
1544877
Thursday, April 24, 2025 1:30 AM IST
പാലക്കാട്: വന്യജീവി ആക്രമണങ്ങൾ ഗോത്രജനതയുടെ പാരമ്പര്യ അറിവുകളുടെ അടിസ്ഥാനത്തില്‍ ലഘൂകരിക്കുന്നതിനായി 'മനുഷ്യ-വന്യജീവി സംഘര്‍ഷ പരിഹാരവും, ഗോത്രവിജ്ഞാന പാരമ്പര്യവും' എന്ന വിഷയത്തില്‍ വനംവകുപ്പും, വനഗവേഷണകേന്ദ്രവും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു.
ഒലവക്കോട് ആരണ്യഭവന് കോംപ്ലക്സിലെ ശിരുവാണി ഹാളില്‍ "ഗോത്രഭേരി' എന്ന പേരില്‍ നടത്തിയ സെമിനാര്‍ ഇക്കോ- ടൂറിസം ഡയറക്ടര്‍ രാജു കെ. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസഫ് തോമസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കേരള വനഗവേഷണ കേന്ദ്രത്തിലെ ഡോ.എ.വി. രഘു ചര്‍ച്ചകള്‍ക്കു നേത്യത്വം നല്കി. പാലക്കാട്, നെന്മാറ ഡിവിഷനുകളിലെ 15 ഉന്നതികളില്‍ നിന്നായി 21 പേർ സെമിനാറില്‍ പങ്കെടുത്തു.
10 മൂപ്പന്മാരും, ഗോത്രസമൂഹ പ്രതിനിധികളും പാരമ്പര്യമായി അനുവര്‍ത്തിച്ചു വന്നിരുന്ന വന്യജീവി നിയന്ത്രണ മാര്‍ഗങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു.
ഇത്തരത്തില്‍ ഗോത്രജനതയില്നിന്നും അവതരിക്കപ്പെട്ട ആശയങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന പരിഹാരമാര്‍ഗങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. പരിപാടിയില്‍ ഒലവക്കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇത്രോസ് ഏലിയാസ് നവാസ് സ്വാഗതം പറഞ്ഞു.