പട്ടയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1545486
Saturday, April 26, 2025 1:08 AM IST
പാലക്കാട്: സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് പട്ടയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാകണമെന്നും പട്ടയമില്ലാത്തവർ ഉണ്ടെങ്കിൽ അവരെ കണ്ടെത്താനുള്ള നടപടിയെടുക്കണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി.
സംസ്ഥാനതല പട്ടയമേള നടത്തുന്നതുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മേയ് എട്ടിന് നടക്കുന്ന സംസ്ഥാന തല പട്ടയമേള പാലക്കാട് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 30,000 പട്ടയങ്ങളാണ് പട്ടയമേളയിൽ വിതരണം ചെയ്യുന്നത്.
ജില്ലയിൽ 9000 പട്ടയങ്ങളിൽ 4500 പട്ടയങ്ങളുടെ വിതരണം അന്നേ ദിവസം തന്നെ നടക്കും. പട്ടയ വിതരണത്തിനായി 20 കൗണ്ടറുകൾ ഒരുക്കും.
സംഘാടക സമിതി ജനറൽ കമ്മിറ്റി ചെയർമാനായി മന്ത്രി കെ.കൃഷ്ണൻകുട്ടിയും കണ്‍വീനർ ജില്ലാ കളക്ടർ ജി. പ്രിയങ്കയുമാണ്. മുഖ്യ രക്ഷാധികാരിയായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, തദ്ദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരും വി.കെ. ശ്രീകണ്ഠൻ എംപി, കെ രാധാകൃഷ്ണൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളുമാണ്.
ഏകോപനസമിതി ചുമതല ഒറ്റപ്പാലം സബ്കളക്ടർ മിഥുൻ പ്രേംരാജിനായിരിക്കും. ഒൻപത് സബ് കമ്മിറ്റികളുടെ രൂപീകരണവും നടന്നു.
സംഘാടക സമിതി രൂപീകരണയോഗത്തിൽ എം.എൽ.എ കെ.ബാബു അധ്യക്ഷനായി. കളക്ടർ ജി.പ്രിയങ്ക, സബ് കളക്ടർ മിഥുൻ പ്രേംരാജ്, എ.ഡി.എം കെ.മണികണഠൻ മറ്റു റവന്യു ഉദ്യോഗസ്ഥർ, തഹസിൽദാർമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.