ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് പച്ചക്കൊടി: ഇനി വേണ്ടതു കേന്ദ്രമന്ത്രിസഭയുടെ അനുമതി
1544612
Wednesday, April 23, 2025 1:55 AM IST
കല്ലടിക്കോട്: പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേക്ക് ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ പച്ചക്കൊടി. പദ്ധതിക്കായി 9.526 ഹെക്ടർ വനമുൾപ്പെടെ 134.1 ഹെക്ടർ ഭൂമി ഉപയോഗപ്പെടുത്താൻ ബോർഡ് അനുമതിനൽകി.
സൈലന്റ്വാലി ദേശീയോദ്യാനം ഉൾപ്പെടുന്ന സംരക്ഷിതവനപ്രദേശത്തിനു പുറത്തുള്ള ഭൂമിയാണ് അനുവദിച്ചത്. കേന്ദ്രമന്ത്രിസഭയുടെ അനുമതികൂടി ലഭിക്കുന്ന മുറയ്ക്ക് ദർഘാസ് നടപടികളിലേക്കു കടക്കുമെന്ന് പദ്ധതി പ്രോജക്ട് വിഭാഗം അധികൃതർ പറഞ്ഞു. സൈലന്റ്വാലി ദേശീയോദ്യാനത്തോടുചേർന്ന് 9.526 ഹെക്ടർ ഭൂമിയും 124.574 ഹെക്ടർ വനേതരഭൂമിയും വിട്ടുകിട്ടാൻ ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി വേണമെന്നതിനാൽ അതിനുള്ള കാത്തിരിപ്പിലായിരുന്നു അധികൃതർ. സൈലന്റ്വാലി ദേശീയോദ്യാനത്തിന്റെ പരിസ്ഥിതിസംവേദമേഖലയ്ക്കു പുറത്തുള്ള പത്തുകിലോമീറ്റർ ചുറ്റളവിലാണ് നിലവിൽ പദ്ധതിക്കായി ഭൂമി അനുവദിച്ചിട്ടുള്ളതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.
മാർച്ചിൽനടന്ന യോഗത്തിലാണ് വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി ലഭിച്ചത്. കഴിഞ്ഞദിവസമാണ് ഇതിന്റെ ഉത്തരവുവന്നത്. ദേശീയപാത 66ൽ കോഴിക്കോട് പന്തീരാങ്കാവിൽനിന്ന് തുടങ്ങി ദേശീയപാത 544ൽ പാലക്കാട് മരുതറോഡുവരെ 121 കിലോമീറ്ററാണ് പാത.
7937 കോടി രൂപ ചെലവിൽ അതിവേഗ ഇടനാഴിയായാണ് റോഡ് വികസിപ്പിക്കുക. പണി പൂർത്തിയായാൽ കോഴിക്കോട്- പാലക്കാട് യാത്ര ഒന്നരമണിക്കൂറിനകം സാധ്യമാവും.