ആ തലോടലിൽ മയങ്ങി സ്റ്റീവ് സെബാസ്റ്റ്യൻ
1545477
Saturday, April 26, 2025 1:08 AM IST
സനൽ ആന്റോ
പാലക്കാട്: ഫ്രാൻസിസ് മാർപാപ്പയുടെ സ്നേഹആശീർവാദവും തലോടലും തന്റെ പേരക്കുട്ടിക്കു കിട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ് പാലക്കാട് കത്തീഡ്രൽ ഇടവകയിലെ പുതുശേരി വീട്ടിൽ റിട്ട. ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജോണ് പുതുശേരിയും ഭാര്യ മേഴ്സി കോളജ് റിട്ട.പ്രഫ. ആനി ജോണും.
അമേരിക്കയിലെ ഇന്ത്യാനയിലാണ് സ്റ്റീവിന്റെ മാതാപിതാക്കളായ നിതിൻ ജോണും ട്രീസ നിതിനും. തങ്ങൾക്ക് ഒരു പുത്രൻ ജനിച്ച സന്തോഷസൂചകമായി 2024 ഡിസംബറിൽ ആദ്യ റോം സന്ദർശനവേളയിലാണ് ഈ അപൂർവഭാഗ്യം കുടുംബത്തിനു ലഭിച്ചത്. ഡിസംബർ നാല് ബുധനാഴ്ച പതിവു പേപ്പൽ ഓഡിയൻസിൽ ഇവരും പങ്കെടുത്തു.
ഇവരുടെ അടുത്തുകൂടെ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ അനുഗ്രഹിച്ച് പാപ്പാ മൊബീലിൽ കടന്നുപോകവേ പെട്ടെന്ന് വാഹനം നിർത്തി. പാപ്പായുടെ സുരക്ഷാ ഉദ്യോഗസ്ഥരായ സ്വിസ് ഗാർഡുമാർ മാർപാപ്പയുടെ നിർദേശപ്രകാരം ആറുമാസംമാത്രമായ കുഞ്ഞുസ്റ്റീവിനെ അമ്മയുടെ കൈയിൽ നിന്നും എടുത്ത് പാപ്പായുടെ കൈകളിൽ ഏൽപ്പിച്ചു.
പാപ്പാ സ്നേഹത്തോടെ തലോടുകയും അനുഗ്രഹിക്കുകയും ചെയ്തു. സ്റ്റീവിനു മിഠായിയും സമ്മാനിച്ചശേഷമാണ് പാപ്പായുടെ വാഹനം മുന്നോട്ട്പോയത്. ഇതു കൊച്ചുസ്റ്റീവിന്റെ ഭാഗ്യമായും തങ്ങളുടെ ജീവിതത്തിലെ ധന്യനിമിഷമായുമാണ് ഈ കുടുംബം കാണുന്നത്. പാപ്പയുടെ വിയോഗം ഇവരെ വളരെ വേദനപ്പെടുത്തി. ഇന്നു നടക്കുന്ന സംസ്കാരശുശ്രൂഷ പ്രാർഥനാപൂർവം ടെലിവിഷനിലൂടെ കാണാനുള്ള കാത്തിരിപ്പിലാണ് പള്ളിപ്പുറം അയോധ്യാനഗറിലെ പുതുശേരി കുടുംബം.