സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്കു ജീവപര്യന്തം തടവും പിഴയും
1545482
Saturday, April 26, 2025 1:08 AM IST
മണ്ണാർക്കാട്: വീടിന്റെ തിണ്ണയിൽ ഉറങ്ങിക്കിടന്നിരുന്ന യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് തടവും പിഴയും. അട്ടപ്പാടി പുതൂർ കുളപ്പടി ഊരിലെ ഈശ്വരൻ (27) എന്ന ഒടിയനെയാണ് മണ്ണാർക്കാട് എസ് സി എസ്ടി പ്രത്യേക ജില്ലാകോടതി ജീവപര്യന്തം തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി അധിക തടവ് അനുഭവിക്കണം. 2024 ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതൂർ കുളപ്പടി ഊരിലെ കുറുമ്പർ വിഭാഗത്തിൽപ്പെട്ട പണലിയെ രാവിലെ ആറരയോടെ വീട്ടിലെത്തി ഈശ്വരൻ മരവടി കൊണ്ട് തലക്കടിക്കുകയായിരുന്നു. പുതൂർ പോലീസ് കേസെടുത്തു. എസ്ഐ വി.എൻ. മുരളി, അഗളി ഡിവൈഎസ്പിമാരായ ജയകൃഷ്ണൻ, അശോകൻ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. മണ്ണാർക്കാട് എസ് സി എസ് ടി സ്പെഷൽ കോടതി ജഡ്ജ് ജോമോൻ ജോൺ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയൻ ഹാജരായി.