പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്; സർവീസുകൾ മേയ് രണ്ടുമുതൽ
1544610
Wednesday, April 23, 2025 1:55 AM IST
പാലക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് മേയ് രണ്ടുമുതല്‍ ബസുകള്‍ സര്‍വീസ് തുടങ്ങും.
ഇന്നലെ നടന്ന ഗതാഗത ഉപദേശകസമിതി യോഗത്തിലാണ് തിരുമാനം.
സ്റ്റാന്‍ഡിലൂടെ നേരത്തെ സര്‍വീസ് നടത്തിയിരുന്ന കോഴിക്കോട്, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, കോങ്ങാട് ബസുകളാണ് സര്‍വീസ് നടത്തുക. ഈബസുകള്‍ താരേക്കാടുവഴി മുനിസിപ്പല്‍ സ്റ്റാന്‍ഡിലെത്തും. തിരിച്ച് താരേക്കാട്, ഹെഡ് പോസ്റ്റോഫീസ് വഴി സ്റ്റേഡിയം സ്റ്റാന്‍ഡിലെത്തും. ഇവിടെ നിന്നു മണല്‍മന്ത ബൈപാസ് വഴി താരേക്കാട്ടിലൂടെ വീണ്ടും മുനിസിപ്പല്‍ സ്റ്റാന്‍ഡിലെത്തി വിക്ടോറിയ കോളജ് വഴി പോകും. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തി അപാകതകളുണ്ടെങ്കില്‍ അപ്പപ്പോള്‍ പരിഹരിക്കാനാണ് തീരുമാനം.ടൗണ്‍ ബസുകള്‍ പതിവുരീതിയില്തന്നെ സര്‍വീസ് തുടരും. സ്റ്റാന്‍ഡില്‍ ഒരേസമയം ഒന്‍പതു ബസുകള്‍ നിര്‍ത്തിയിടാനാകും വിധമാണ് ക്രമീകരണമുണ്ടാവുക.
ബസുകള്‍ക്കുള്ള പാര്‍ക്കിംഗ്ബേകള്‍ മാര്ക്കുചെയ്യല് ഉടന്‍ പൂര്‍ത്തിയാക്കും. ശുചിമുറി, വിശ്രമ സംവിധാനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അധ്യക്ഷത വഹിച്ചു. ആര്‍ടിഒ ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.