കൊമ്പ് മുറിക്കാൻ മരത്തിൽകയറിയ തൊഴിലാളി രക്തംവാർന്ന് മരിച്ചു
1544829
Wednesday, April 23, 2025 11:26 PM IST
മംഗലംഡാം: മണ്ണെണക്കയത്ത് തോട്ടത്തിൽ മരകൊമ്പ് മുറിക്കാൻ മരത്തിൽ കയറിയ തൊഴിലാളി മരിച്ചു. കയറാടി കോളനിയിലെ ആറംപുളി വീട്ടിൽ ശിവൻ (കണ്ണൻ - 51) ആണ് മരിച്ചത്.
മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെയാണ് അപകടം. സുരക്ഷയ്ക്കുവേണ്ടി ഇടുപ്പിൽ കയറുകെട്ടി മരത്തിൽ ബന്ധിപ്പിച്ച് കൊമ്പ് മുറിക്കുന്നതിനിടയിൽ മുറിച്ച കൊമ്പ് തുടയിൽ തുളച്ചു കയറുകയായിരുന്നു. ആഴത്തിൽ പറ്റിയ മുറിവിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായത്. മരവുമായി ബന്ധിപ്പിച്ചതുകൊണ്ട് ആൾ താഴെ വീണില്ല. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.
മലമുകളിലെ നാല്പതടിയോളം ഉയരത്തിലുള്ള മരത്തിലാണ് കയറിയത്. കൊമ്പിൽ കുടുങ്ങിക്കിടന്ന കണ്ണനെ താഴെ ഇറക്കാൻ നാലു മണിക്കൂർ വൈകി. അപ്പോഴേക്കും മരിച്ചിരുന്നു. വടക്കഞ്ചേരിയിൽ നിന്നുള്ള ഫയർ റെസ്ക്യു സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പരേതനായ വെള്ളയുടേയും ചെറുമ്പിയുടേയും മകനാണ്. ഭാര്യ: വിനിത. മക്കൾ: വിസ്മയ, ബിബിൻ.