അട്ടപ്പാടിയിലെ അനെര്‍ട്ട് അഴിമതി: അന്വേഷണത്തിനു പ്രത്യേക സമിതി
1544614
Wednesday, April 23, 2025 1:55 AM IST
പാലക്കാട്: അട്ടപ്പാടി ആദിവാസി ഉന്നതികളിലെ അനെര്‍ട്ട് അഴിമതിയില്‍ അന്വേഷണത്തിനു പ്രത്യേക സമിതിയെ നിയോഗിച്ച് ഉത്തരവിട്ട് ഊര്‍ജവകുപ്പ്.
ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ആരോപണവിധേയര്‍ക്ക് താഴെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപവത്കരിച്ചത്.
അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെതുടുക്കി ഗോത്രവര്‍ഗ ഉന്നതികളില്‍ അനെര്‍ട്ട് നടപ്പാക്കിയ 6.35 കോടിയുടെ സൗരോര്‍ജ വിന്‍ഡ് പദ്ധതിയിലാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അനര്‍ട്ട് സി ഇഒ, ഊര്‍ജവകുപ്പ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ക്കെതിരേയായിരുന്നു ആരോപണം ഉയര്‍ന്നത്.
കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ സംഘടനകള്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയടക്കം അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കെയാണ് സര്‍ക്കാര്‍തലത്തില്‍ അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചത്.
അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.