നെല്ലിന്റെ താങ്ങുവില 35 രൂപയായി ഉയർത്തണം: സംയുക്ത പാടശേഖരസമിതി
1544883
Thursday, April 24, 2025 1:30 AM IST
നെന്മാറ: നെല്ലിന്റെ താങ്ങുവില 35 രൂപയായി വർധിപ്പിക്കുക, വന്യജീവി ശല്യം തടയുന്നതിനുള്ള നടപടി സ്വീകരിക്കുക, നെല്ലിന്റെ സംഭരണവില ഉടൻ നൽകാനുള്ള നടപടി കൈക്കൊള്ളുക, ജലസേചന കലണ്ടർ തയാറാക്കി വാലറ്റ പ്രദേശങ്ങളിൽ ജലലഭ്യത ഉറപ്പു വരുത്തുക, എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് നെന്മാറ പഞ്ചായത്ത് സംയുക്ത പാടശേഖര സമിതി യോഗം ആവശ്യപ്പെട്ടു.
നെന്മാറ കൃഷി ഭവൻ ഹാളിൽചേർന്ന സംയുക്ത പാടശേഖര സമിതി വാർഷിക പൊതുയോഗത്തിൽ മേഖലയിലെ കർഷകരുടെ വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്തു. ചടങ്ങിൽ കെ. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. എം. രാമൻകൂട്ടി, കെ. സുദേവൻ, കെ. രവിചന്ദ്രൻ, കെ. വേലായുധൻകൂട്ടി, കെ. പ്രകാശ്, കൃഷി ഓഫീസർ വി. അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി കെ. പങ്കജാക്ഷനേയും സെക്രട്ടറിയായി എം. രാമൻകുട്ടിയെയും തെരഞ്ഞെടുത്തു.