ചേറ്റൂരിന്റെ ചരമവാർഷികം ഇന്ന്: ഇത്തവണ കൂട്ടായി വിവാദങ്ങളും
1544874
Thursday, April 24, 2025 1:30 AM IST
ഒറ്റപ്പാലം: ചരിത്രം വിവാദനായകനാക്കിയ ചേറ്റൂരിന്റെ ചരമവാർഷികം ഇന്ന്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ് പദവയിലെത്തിയ ഏക മലയാളി സർ. സി. ശങ്കരൻ നായർ ഓർമയായിട്ട് ഇന്നേക്കു 91 വർഷം.
ചേറ്റൂർ ശങ്കരൻനായരുടെ ഗുണഗണങ്ങൾ വാഴ്ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തുവരികയും കേന്ദ്രമന്ത്രി സുരേഷ് ഗോപി ചേറ്റൂർ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്ത പശ്ചാത്തലം നിലനിൽക്കെ ശങ്കരൻനായരുടെ ചരമവാർഷികത്തിന് ഇത്തവണ രാഷ്ട്രീയപ്രാധാന്യം ഏറെയുണ്ട്. കോൺഗ്രസും ബിജെപിയും വിപുലമായി ഇത്തവണ ശങ്കരൻനായരുടെ ചരമവാർഷികം ആചരിക്കുന്നുണ്ട്.
ബിജെപി തങ്ങളുടെ പൂർവികനെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചതോടുകൂടി ചരമവാർഷികത്തിന് രാഷ്ട്രീയപ്രാധാന്യം ഏറിയിരിക്കുകയാണ്.
ഹരിയാനയില്‍ തെര്‍മല്‍ പവര്പ്ലാന്റിനു തറക്കല്ലിടുന്ന ചടങ്ങിലാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ചേറ്റൂര്‍ ശങ്കരന്‍നായരെ അനുസ്മരിച്ച് പ്രസംഗിച്ചത്.
മലയാളിയായ ശങ്കരന്‍നായരുടെ സംഭാവനകളെക്കുറിച്ച് പഠിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്കേസിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച ശങ്കരൻനായരെ കോൺഗ്രസ് പാർട്ടിയോ രാജ്യമോ വേണ്ടരീതിയിൽ അംഗീകരിക്കുകയോ ഓർമിക്കുകയോ ചെയ്തില്ലെന്ന പരാതിയും ദീർഘകാലമായുണ്ട്. ചരിത്രത്തിനു മുൻപേ നടന്ന ചേറ്റൂർ ശങ്കരൻ നായർ ജീവിച്ചിരിക്കുന്ന കാലത്ത് ഉയർത്തിവിട്ട വിവാദങ്ങൾ അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയൊന്നാം ചരമവാർഷികത്തിൽ വീണ്ടും ആളിക്കത്താൻ ഒരുങ്ങുകയാണ്.
ഇത്തവണ ഇതിനു നേതൃത്വം കൊടുക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയും, ചേറ്റൂർ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന രാഷ്ട്രീയപ്രസ്ഥാനവുമാണ്.