വൈക്കോൽ കത്തിച്ച് കർഷകവിലാപം
1544880
Thursday, April 24, 2025 1:30 AM IST
നെന്മാറ: തുടർച്ചയായ വേനൽമഴയിൽ ശേഖരിക്കാൻ കഴിയാതെ അഴുകിയ വൈക്കോൽ കർഷകർ കത്തിച്ചുകളയുന്നു. രണ്ടാംവിള കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിലെ വൈക്കോലാണ് കർഷകർക്ക് തുടർച്ചയായ മഴമൂലം സംഭരിക്കാൻ കഴിയാതെ വന്നത്.
വൈക്കോൽ സംഭരിക്കാൻ കഴിയാത്തതിനാൽ ക്ഷീരകർഷകർ വൈക്കോൽക്ഷാമവും നേരിടുന്നുണ്ട്. അടുത്ത വിള ഇറക്കുന്നതിനു മുന്നോടിയായി നെൽപ്പാടങ്ങൾ ഒരുക്കി എടുക്കുന്നതിനായി അഴുകി ദ്രവിച്ച വൈക്കോൽ തടസമായതിനെതുടർന്നാണ് വൈക്കോൽ നെൽപ്പാടങ്ങളിൽതന്നെ കത്തിച്ചുകളയുന്നത്. വൈക്കോൽ കത്തിച്ചുകളഞ്ഞാൽ ട്രാക്ടർ ഉപയോഗിച്ച് വെള്ളം വറ്റിത്തുടങ്ങിയ നെൽപ്പാടങ്ങൾ ഉഴുതുമറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നെന്മാറ അയിലൂർ മേഖലയിലെ കർഷകർ.
കൂടുതൽ വെള്ളം കെട്ടിനിന്ന നെൽപ്പാടങ്ങളിൽ ട്രാക്ടർ ഉപയോഗിച്ച് ചെളിയിൽ ചില കർഷകർ വൈക്കോൽ ഉഴുതുമറിച്ചിരുന്നു.
വൈക്കോൽ നഷ്ടമായ കർഷകർക്ക് കേന്ദ്ര, സംസ്ഥാന, വിള ഇൻഷുറൻസ് പ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യം കർഷകർക്കിടയിൽ ശക്തമാണ്.