ശുചിത്വ ഉച്ചകോടിയിൽ പങ്കെടുത്ത കുട്ടികളെ അനുമോദിച്ചു
1545489
Saturday, April 26, 2025 1:08 AM IST
പാലക്കാട്: കുടുംബശ്രീ ബാലസഭകളുടെ ശുചിത്വോത്സവം 2.0 യുടെ ഭാഗമായി അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പങ്കെടുത്ത ബാലസഭാ കുട്ടികളെ അനുമോദിച്ചു. കിഴക്കഞ്ചേരി സിഡിഎസിലെ ആതിര ബാബു, വടക്കഞ്ചേരി സി ഡിഎസിലെ റാനിയ ഫാത്തിമ, വാണിയംകുളം സിഡിഎസിലെ ഹിത മനോജ് എന്നീ മൂന്ന് കുട്ടികളെയാണ്് അനുമോദിച്ചത്. ശുചിത്വ ഉച്ചകോടിയിൽ ആതിര ബാബു സംസ്ഥാനതലത്തിൽ അഞ്ചാംസ്ഥാനം നേടി.
കേരള സർക്കാർ നടത്തിയ നാഷനൽ ക്ലീൻ കേരള കോണ്‍ക്ലേവിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾ സെമിനാർ അവതരിപ്പിച്ചതിൽ ആതിര ബാബു മോഡറേറ്റർ ആയിരുന്നു. കുട്ടികളെ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എൻആർഎൽഎം സംസ്ഥാന ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സി. നവീൻ ഉപഹാരം നൽകി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ, എഡിഎംസിമാരായ അനുരാധ, സുഭാഷ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ സബിത, ജിജിൻ, പ്രിയങ്ക, ചിന്തു മാനസ്, ശ്രീരേഖ, ഗ്രീഷ്മ, അഭിജിത്, ജില്ലാ ആർ പി മനോഹരൻ എന്നിവർ പങ്കെടുത്തു.