"എന്റെ കേരളം' മേളയില്‍ ജോബ്ഫെസ്റ്റും സംരംഭകര്‍ക്കായി ഹെൽപ്ഡെസ്കും
1544882
Thursday, April 24, 2025 1:30 AM IST
പാലക്കാട്: ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേയ് നാലുമുതല്‍ പത്തുവരെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനുസമീപത്തെ മൈതാനത്തുനടക്കുന്ന "എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ സംരംഭകര്‍ക്കു സഹായവുമായി വ്യവസായ വാണിജ്യ വകുപ്പിന്റെ സ്റ്റാള്‍.
സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരുടേയും സംശയങ്ങളും പരാതികള്‍ക്കും ഈ സ്റ്റാള്‍ ഗുണകരമാകും. ഏകജാലക സംവിധാനത്തിലൂടെ ലൈസന്‍സിനുള്ള അപേക്ഷകള്‍, വ്യവസായ ഭൂമി ലഭ്യത അറിയാനും അപേക്ഷിക്കാനുമുള്ള അവസരം, സബ്സിഡികള്‍ക്കായി നേരിട്ട് അപേക്ഷിക്കാനുള്ള സൗകര്യവും എന്നിവ സ്റ്റാളില്‍ ലഭ്യമാക്കും.
കൂടാതെ പൊതുജനങ്ങള്‍ക്കായി വ്യവസായ വകുപ്പ് നല്കുന്ന സ്കീമുകളുടെ പ്രദര്‍ശനവും ബോധവത്കരണവുമുണ്ടാവും. മേളയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റ്ര് ജോബ് ഡ്രൈവും സംഘടിപ്പിച്ചിട്ടുണ്ട്. വകുപ്പിന്റെ വിവിധ സേവനങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന സ്റ്റാളും മേളയിലുണ്ടാകും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മേയ് ഏഴിനാണ് ജോബ് ഡ്രൈവ് നടത്തുക. നാലുമുതല്‍ ആറു വരെ ജോബ് ഡ്രൈവിലേക്കുള്ള രജിസ്ട്രേഷന് നടക്കും. രജിസ്ട്രേഷന് എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം. രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെയായിരിക്കും ജോബ് ഡ്രൈവിനുള്ള രജിസ്ട്രേഷന് സ്റ്റാളില്‍ ലഭിക്കുക. എംപ്ലോയ്മെന്റ് രജിസ്ട്രേഷന്, രജിസ്ട്രേഷന് പുതുക്കല്‍ തുടങ്ങി സൗജന്യ സേവനങ്ങളും സ്റ്റാളില്‍ ലഭ്യമാകും.