റബർ ആവർത്തനകൃഷി നിലമൊരുക്കൽ തുടങ്ങി
1544879
Thursday, April 24, 2025 1:30 AM IST
നെന്മാറ: റബർ ആവർത്തനകൃഷിക്കു നിലമൊരുക്കൽ ആരംഭിച്ചു. പ്രായാധിക്യംമൂലം ഉത്പാദനം കുറഞ്ഞ റബർതോട്ടങ്ങളിലെ മരങ്ങൾ വെട്ടിമാറ്റി ആവർത്തനകൃഷി നടത്താനുള്ള പണികളാണ് ആരംഭിച്ചത്.
വേനൽമഴയെതുടർന്ന് മണ്ണിൽ ഈർപ്പം നിലനിന്നതോടെയാണ് തട്ടുകളായി തിരിച്ച് കുഴിയെടുത്തു റബർതൈകൾ നടുന്നതിനുള്ള പ്രാരംഭപണികൾ ആരംഭിച്ചത്.
പ്രത്യേക വൈദഗ്ധ്യമുള്ളവരെ ഉപയോഗിച്ച് 15 അടി അകലത്തിൽ കുറ്റിയടിച്ചാണ് മണ്ണൊലിപ്പ് തടയുന്ന രീതിയിൽ തട്ടുകൾ നിർമിക്കുന്നത്. കാലവർഷം ആരംഭിക്കുന്ന ജൂൺ ആദ്യവാരംതന്നെ തൈകൾ നടാനുള്ള തയാറെടുപ്പിനായി വാരങ്ങളിൽഎടുക്കുന്ന കുഴികളിൽ മേൽമണ്ണിട്ടു മൂടിയാണ് നിലമൊരുക്കുന്നത്.
പുതുതായി നടാനുള്ള റബർ തൈകൾ മാസങ്ങൾക്ക് മുമ്പുതന്നെ കർഷകർ നഴ്സറികളിൽ മുൻകൂട്ടി പണം നൽകി ബുക്ക് ചെയ്തു കഴിഞ്ഞു. തൈകൾ നടുന്നതിന് മുന്നോടിയായി മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി തോട്ടങ്ങൾ വന്യമൃഗ ശല്യത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി സൗരോർജവേലി ഉൾപ്പെടെ സ്ഥാപിക്കേണ്ട അധികച്ചെലവും കർഷകർക്കു സഹിക്കേണ്ടിവരും.
മീറ്ററിന് 225 മുതൽ 275 രൂപവരെ സൗരോർജവേലി നിർമാണത്തിന് ചെലവുവരുമെന്ന് കർഷകർ പറയുന്നു.
വൈദ്യുതവേലി നിർമിക്കാത്ത നിരങ്ങൻപാറ, കൽച്ചാടി, പൂഞ്ചേരി മേഖലകളും ആവർത്തനകൃഷിക്കു തയാറെടുക്കുകയാണ്. മാൻ, പന്നി, കാട്ടാന തുടങ്ങിയവ നശിപ്പിച്ച റബർതോട്ടങ്ങളാണ് മിക്കവയും.