ചേറ്റൂർ ശങ്കരൻനായരുടെ അനുസ്മരണം നടത്താൻ കോൺഗ്രസ്- ബിജെപി മത്സരം
1545144
Friday, April 25, 2025 1:18 AM IST
ഒറ്റപ്പാലം: സർ സി. ശങ്കരൻനായരുടെ സമാധിയിൽ പുഷ്പാർച്ചന നടത്താനും അനുസ്മരണമൊരുക്കാനും ഇത്തവണ മത്സരം. കോൺഗ്രസും ബിജെപിയുമാണ് മത്സരിച്ച് അനുസ്മരണം ഒരുക്കിയത്. മങ്കരയിലുള്ള ചേറ്റൂർ കുടുംബംവക ശ്മശാനത്തിലുള്ള ശങ്കരൻനായരുടെ സ്മൃതിമണ്ഡപം കഴിഞ്ഞദിവസം കോൺഗ്രസിന്റെ നേതൃത്വത്തിൽ കാടു വെട്ടി വൃത്തിയാക്കിയിരുന്നു.
ഇതിനിടെ ബിജെപി നേതാക്കളും ഇവിടേക്കെത്തി.
എന്നാൽ ഇതിനുമുമ്പുതന്നെ കോൺഗ്രസ് പ്രവർത്തകർ ദൗത്യം പൂർത്തികരിച്ചു. ചേറ്റൂരിന്റെ 91 -ാം ചരമ വാർഷികദിനമായ ഇന്നലെ കോൺഗ്രസിനും ഒരു മുഴംമുമ്പേ ബിജെപിക്കാർ പ്രവർത്തിച്ചു. ഇവർ സമാധിയിൽ പാർട്ടി കൊടികൾ സ്ഥാപിക്കുകയും കാവികൊണ്ട് അലങ്കാരം നടത്തുകയും ചെയ്തു. ഇതറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി തങ്ങളുടെ കൊടിതോരണങ്ങളാൽ സ്മൃതിമണ്ഡപം അലങ്കരിച്ചു. ഒരേദിവസം തന്നെ അനുസ്മരണം സംഘടിപ്പിച്ച ബിജെപി- കോൺഗ്രസ് പ്രവർത്തകർ മത്സരബുദ്ധിയോടു കൂടിയാണ് ഇക്കാര്യങ്ങൾ എല്ലാം ചെയ്തത്.
ബിജെപി ദേശീയ നിർവാഹകസമിതി അംഗം പികെ. കൃഷ്ണദാസ്, ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം ചേറ്റൂരിന്റെ സമാധിയിൽ പുഷ്പങ്ങൾ അർപ്പിക്കുകയും ചിത്രത്തിനു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ച് അനുസ്മരണങ്ങൾ നടത്തുകയും ചെയ്തു. ഇതിനിടെ വി.കെ. ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ചേറ്റൂരിന്റെ സ്മൃതിമണ്ഡപത്തിൽ അനുസ്മരണം നടത്താൻ എത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, കെഎ. തുളസി എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസിന്റെ അനുസ്മരണപരിപാടികൾ നടന്നത്. മങ്കരയിൽ ഇവരും അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിരുന്നു.
അതേസമയം ചേറ്റൂരിന്റെ സ്മൃതിമണ്ഡപത്തിൽ ഒരു ഭാഗം കോൺഗ്രസ് പതാകകളും മറുഭാഗം ബിജെപി പതാകകളും നിറഞ്ഞ നിലയിലാണ്. ചേറ്റൂർ ശങ്കരൻനായരുടെ സ്മരണ ഏറ്റെടുക്കാനുള്ള ബിജെപി നീക്കത്തിനുതടയിടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അതേസമയം ചേറ്റൂർ ശങ്കരൻ നായർക്ക് ഉചിതമായ സ്മാരകം ഒരുക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രി സുരേഷ്ഗോപി ചേറ്റൂരിന്റെ ബന്ധുക്കളെ സന്ദർശിച്ചതോടെയാണു അനുസ്മരണത്തിന് കോൺഗ്രസ് – ബിജെപി രാഷ്ട്രീയ മാനം കൈവന്നത്. ദേശീയ രാഷ്ട്രീയത്തിൽ വിവാദനായകനായി തീർന്ന ചേറ്റൂർ ശങ്കരൻ നായരുടെ 91 -ാം ചരമ വാർഷികദിനത്തിൽ ചേറ്റൂരിനെ തട്ടിയെടുക്കാനുള്ള ശ്രമം ബിജെപിയും തങ്ങളുടെ പൂർവികനെ വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനത്തിൽ കോൺഗ്രസും അരയും തലയും മുറുക്കുമ്പോൾ മരണത്തിനു ശേഷവും വിവാദങ്ങൾ ചേറ്റൂരിനെ വിട്ടൊഴിയുന്നില്ല.