മന്ത്രിസഭ നാലാംവാർഷികം മേയ് നാലുമുതൽ
1545156
Friday, April 25, 2025 1:18 AM IST
പാലക്കാട്: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാംവാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ‘എന്റെ കേരളം പ്രദർശന വിപണന മേള 2025’ മേയ് നാലുമുതൽ 10 വരെ സ്റ്റേഡിയം ബസ്സ്റ്റാൻഡിനുസമീപമുളള മൈതാനത്ത് ആരംഭിക്കും. നാലിന് വൈകുന്നേരം അഞ്ചിന് മന്ത്രി കെ. കൃഷ്ണൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും. രാവിലെ ഒന്പതു മുതൽ രാത്രി പത്തുവരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്. പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മെയ് അഞ്ചിന് ജില്ലാതലയോഗം പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടക്കും. രാവിലെ 10.30 മുതൽ 12.30 വരെയാണ് ജില്ലാതല യോഗം. ജില്ലാതലയോഗത്തിൽ തെരഞ്ഞെടുത്ത പൗരപ്രമുഖർ, സാമുദായിക നേതാക്കൾ തുടങ്ങി വിവിധ മേഖലകളിലുളള 500 പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും.
മേയ് എട്ടിന് പാലക്കാട് മലന്പുഴ ട്രൈപ്പന്റ ഹോട്ടൽ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ മൂന്ന് ജില്ലകളുടെ മേഖലാതല അവലോകനയോഗം നടക്കും. 2023 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടന്ന മേഖലാ യോഗങ്ങളുടെ തുടർച്ചയായാണ് യോഗം നടക്കുക. ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭരണപരമോ സാങ്കേതികമോ ആയ തടസങ്ങൾ നേരിടുന്നവയ്ക്ക് പരിഹാരം കാണുകയുമാണ്് മേഖലാ യോഗം ലക്ഷ്യമിടുന്നത്.
മേയ് 18 ന് പട്ടികജാതി, പട്ടികവർഗക്ഷേമം അടിസ്ഥാനമാക്കി സംസ്ഥാനതല പ്രത്യേകയോഗം മലന്പുഴ ട്രൈപ്പന്റ ഹോട്ടൽ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ രാവിലെ 9.30ന് ചേരും. സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർ പങ്കെടുക്കും.
നവകേരളത്തിന്റെ പുതുവഴികളിൽ പട്ടിക വിഭാഗക്കാരെ കൂടുതൽ ഉന്നതിയിലേക്ക് എത്തിക്കുന്നതിനും മേഖലയിലെ നിലവിലുള്ള വിഷയങ്ങൾ പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനുമാണ് പ്രത്യേക യോഗം നടത്തുന്നത്.