കുതിരയോട്ടപരിശീലനം കാണാൻ തിരക്ക്
1544603
Wednesday, April 23, 2025 1:55 AM IST
തത്തമംഗലം: രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന തത്തമംഗലം വേട്ടക്കറുപ്പൻസ്വാമിക്ഷേത്രം അങ്ങാടിവേല ഉത്സവത്തിന്റെ ഭാഗമായി കുതിരയോട്ടപരിശീലനം കാണാൻ നിരവധിയാളുകൾ എത്തിത്തുടങ്ങി.
26ന് ഉച്ചക്ക് രണ്ടിനാണ് തത്തമംഗലം ടൗൺറോഡിൽ കുതിരയോട്ടം ആചാരചടങ്ങ്. ഇതിൽ പങ്കെടുക്കുന്നതിനായി മടുപ്പിക്കാവ് റോഡിൽ ദിവസേന വൈകുന്നേരം നാലുമുതൽ 6.30 വരെ കുതിരകളുടെ പരിശീലനഓട്ടം നടത്തിവരികയാണ്.
ഇതുകാണാനായി നൂറുകണക്കിനാളുകളാണ് ഇങ്ങോട്ടെത്തുന്നത്. അന്യസംസ്ഥാനങ്ങളിൽനിന്നും മത്സരങ്ങളിൽ പങ്കെടുക്കാൻ കുതിരകൾ എത്തിച്ചേർന്നിട്ടുണ്ട്. കഴിഞ്ഞ 200 വർഷത്തിലധികമായി വേട്ടക്കറുപ്പൻസ്വാമി ക്ഷേത്രത്തിൽ അങ്ങാടിവേല നടത്തിവരുന്നതായാണ് പറയപ്പെടുന്നത്. സംസ്ഥാനത്തുതന്നെ ഉത്സവത്തിന്റെഭാഗമായി കുതിരയോട്ടം നടത്തുന്നതു തത്തമംഗലത്തു മാത്രമാണ്.
ശനിയാഴ്ച ഉച്ചയ്ക്കു രണ്ടുമുതൽ പള്ളിമൊക്കു മുതൽ മേട്ടുപ്പാളയംവരെ പ്രധാനപാതയിൽ ഗതാഗതം നിർത്തിവച്ചാണ് കുതിരയോട്ടമത്സരം നടത്തുക. കുറുമ്പക്കാവ്, മടുപ്പിക്കാവ് റോഡിലൂടെ വാഹനഗതാഗതം തിരിച്ചുവിടും.
കുതിരയോട്ടം കാണാൻ തമിഴ്നാട് , കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും നിരവധിപേർ എത്താറുണ്ട്.
തെലുങ്കു ചെട്ടിയാർ സമുദായത്തിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന അങ്ങാടിവേല ഉത്സവത്തിൽ തമിഴ് സമുദായത്തിൽപ്പെട്ട മറ്റു വിഭാഗക്കാരും പങ്കെടുക്കാറുണ്ട്. 15 ദിവസം നീണ്ട ആഘോഷ പരിപാടികൾ ഇക്കഴിഞ്ഞ 19 നാണ് തുടക്കം കുറിച്ചത്.