പാലക്കാട്ടെ ഭിന്നശേഷി നൈപുണ്യകേന്ദ്രം ; ആരും വിട്ടുകൊടുക്കില്ല, വിവാദം തുടരും
1543463
Friday, April 18, 2025 12:34 AM IST
പാലക്കാട്: നഗരസഭയുടെ ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്റെ പേരുനൽകാനുള്ള നീക്കത്തിൽ വിവാദം ഇനിയും പുകയും. ഇന്നലെ നടന്ന സർവകക്ഷിയോഗത്തിൽ തീരുമാനങ്ങൾ പലതുണ്ടെങ്കിലും അങ്ങനെയൊന്നും വിട്ടുകൊടുക്കേണ്ടെന്ന നിലപാടിൽതന്നെയാണ് ബിജെപി, കോൺഗ്രസ്, സിപിഎം നേതൃത്വങ്ങൾ.
ആസന്നമായ തെരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കമെന്ന നിലയിലാണ് നേതാക്കൾ പലരും വിഷയത്തെ കാണുന്നത്. പാലക്കാടിന്റെ സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ഇവർ മനസുകൊണ്ടു സമ്മതംമൂളുന്നുമില്ല. പാലക്കാട് നഗരത്തിനുള്ളിലെ ശക്തിയാർക്ക് എന്നു തെളിയിക്കാനാണ് പാർട്ടികളുടെ ശ്രമം. പരസ്യമായ പോര് ഇനിയും പ്രതീക്ഷിക്കുന്ന നഗരവാസികൾക്കു ആശ്വാസം ചെറുപാർട്ടികളാണ്.
പലരും യോഗംചേർന്നു സമാധാനാന്തരീക്ഷത്തിനു മുറവിളി കൂട്ടിത്തുടങ്ങിയതുമാത്രമാണ് ജനങ്ങളുടെ ഏക ആശ്വാസം. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിനു ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരുനൽകിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
നഗരസഭ മുന്നോട്ടുപോകും
പാലക്കാട്: ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിനു ഹെഡ്ഗേവാറിന്റെ പേരുമായിത്തന്നെ മുന്നോട്ടുപോകുമെന്ന് നഗരസഭാ വൈസ് ചെയർപേഴ്സൺ ഇ. കൃഷ്ണദാസ് മാധ്യമങ്ങളോടു വ്യക്തമാക്കി. തർക്കം പേരിനെച്ചൊല്ലി മാത്രമല്ലെന്നും അങ്ങനെയായിരുന്നെങ്കിൽ എന്തിനാണ് ഉദ്ഘാടനച്ചടങ്ങ് അലങ്കോലപ്പെടുത്തിയതെന്നും കൃഷ്ണദാസ് ചോദിച്ചു. കോണ്‍ഗ്രസ് ഇത്രകാലം ഭരിച്ചിട്ട് ഭിന്നശേഷിക്കാര്‍ക്കുവേണ്ടി എന്തുചെയ്തുവെന്നു പറയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
വികസനത്തിനെതിരായി ആരെങ്കിലും മുടന്തന്‍ന്യായങ്ങളുമായി വന്നാല്‍ അതു കാര്യമാക്കുന്നില്ലെന്നും തങ്ങളുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
പോലീസ് നിഷ്ക്രിയം; ചർച്ച
ബഹിഷ്കരിച്ച് കോൺഗ്രസ്
പാലക്കാട്: നഗരത്തിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷിയോഗം കോൺഗ്രസ് ബഹിഷ്കരിച്ചു. പോലീസിന്റെ പക്ഷപാതപരമായ പ്രവർത്തനത്തിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസിന്റെ ഈ നീക്കം. പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം വഷളാക്കിയതിനുത്തരവാദി പോലീസാണ്.
പോലീസ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു. ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് പേരിടുന്നതുമായി ബന്ധപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തിയതു നഗരസഭയിലേക്കാണ്.
ഇതിനു ബദലായി ബിജെപി മാർച്ച് നടത്തിയതു ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലേക്കും. പോലീസിനെ നോക്കുകുത്തിയാക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് മാർച്ചുനടത്തി ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കം നടത്തിയത് ബിജെപിയാണ്. മാർച്ചിലുടനീളം ബിജെപിക്ക് കുടപിടിക്കുന്ന സമീപനം സ്വീകരിച്ച പോലീസ് സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർവകക്ഷിയോഗം കോൺഗ്രസ് ബഹിഷ്കരിച്ചെന്നതു തെറ്റാണ്. ഞങ്ങൾക്കു ലഭിച്ച അറിയിപ്പ് നോട്ടീസിൽ സർവകക്ഷിയോഗമെന്നോ സമാധാനയോഗമെന്നോ ഒരു വരിപോലും ഇല്ല.
ചർച്ചയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അക്രമത്തിനു നേതൃത്വം നല്കുന്ന ബിജെപിയുമായുള്ള ഒരു ചർച്ചയ്ക്കും കോൺഗ്രസ് തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.