റോഡിലേക്കു ചെരിഞ്ഞ മരം മുറിച്ചുനീക്കണം
1542822
Wednesday, April 16, 2025 1:26 AM IST
ചിറ്റൂർ: നാട്ടുകൽ -വാളറ പാതയിൽ റോഡിലേക്ക് ചെരിഞ്ഞ വൃക്ഷം വാഹനസഞ്ചാരത്തിന് അപകടഭീഷണിയായി. കാലവർഷം ആരംഭിച്ചാൽ മരം റോഡിലേക്ക് നിലംപതിക്കാവുന്ന സാഹചര്യമാണുള്ളത്. കൊടുവായൂർ - കോയമ്പത്തൂർ അന്തർ സംസ്ഥാനപാതയെന്നതിനാൽ രാപ്പകൽ ഇടതടവില്ലാതെ വാഹനസഞ്ചാരമുള്ള പ്രധാനപാതയാണിത്.
തീർഥാടന, വിനോദസഞ്ചാര വാഹനങ്ങൾക്ക് പുറമെ നിരവധി സ്്കൂൾ -കോളജ് ബസുകൾ സഞ്ചരിക്കുന്ന പാതയാണിത്. കാറ്റു വീശുമ്പോൾ മരച്ചില്ലകൾ റോഡിലേക്ക് വീഴുന്നതും കാൽനട സഞ്ചാരികൾക്കും വിനയാവുകയാണ്. അപകടം സംഭവിച്ചശേഷം ബന്ധപ്പെട്ട അധികൃതർ സംഭസ്ഥലത്തെത്തുകയാണ് പതിവുനടപടി. എന്നാൽ അപകടാവസ്ഥ മനസിലാക്കി മരം മുറിച്ചുമാറ്റുന്ന മുൻകരുതൽ നടപടിയാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.