ഇന്നു പെസഹ, നാളെ ദുഃഖവെള്ളി
1543169
Thursday, April 17, 2025 1:39 AM IST
പാലക്കാട്: ലോകമെന്പാടുമുള്ള ക്രൈസ്തവർ ഇന്നു പെസഹാ തിരുനാൾ ആചരിക്കും. ക്രിസ്തുനാഥൻ വിശുദ്ധകുർബാന സ്ഥാപിച്ച ദിനമാണ് പെസഹ. പെസഹ എന്ന വാക്കിന്റെ അർഥം കടന്നുപോകൽ എന്നാണ്. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിൽനിന്നും ഇസ്രായേൽ ജനത്തെ ദൈവം രക്ഷിച്ച കഥ അനുസ്മരിക്കുന്നതായിരുന്നു അന്നുവരെ പെസഹ.
പഴയ നിയമത്തിന്റെ തുടർച്ചയെന്നോണം ശിഷ്യരുമൊത്ത് പെസഹാ അപ്പം മുറിക്കാനായി ഇരുന്ന ക്രിസ്തു പതിവിൽനിന്നു വിഭിന്നമായി അപ്പവും വീഞ്ഞും നിറച്ച കാസയും എടുത്ത് "ഇതെന്റെ ശരീരവും രക്തവുമാകുന്നു; നിങ്ങൾ ഇതുവാങ്ങി ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുവിൻ' എന്നരുൾ ചെയ്തു. ഈ വിശുദ്ധകുർബാന സ്ഥാപനത്തിന്റെ തിരുനാളാണ് ഇന്ന്.
യേശു തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ അത്യുദാത്ത മാതൃക തീർത്തതും പെസഹാദിനത്തിലാണ്. ഈ രണ്ട് ഓർമകളും ലോകമെന്പാടുമുള്ള ക്രൈസ്തവർ ഇന്നു അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യും. ദേവാലയങ്ങളിൽ പ്രത്യേക തിരുകർമങ്ങൾ നടക്കും.
യേശുക്രിസ്തു ഗാഗുൽത്തായിലെ കുരിശിൽ ജീവൻവെടിഞ്ഞ് ലോകത്തെ മുഴുവൻ പാപത്തിൽനിന്നും രക്ഷിച്ചുവെന്നാണ് ക്രൈസ്തവ വിശ്വാസം. ഇതിന്റെ ഓർമയാണ് ദുഃഖവെള്ളി ആചരണം.
പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ
ഇന്നു പെസഹാവ്യാഴം തിരുകർമങ്ങൾക്കു രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നേതൃത്വം നൽകും.
രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും, തുടർന്ന് ആരാധനയുടെ പ്രദക്ഷിണവും, ശേഷം ഇടവകയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ദിവസംമുഴുവൻ വിശുദ്ധകുർബാനയുടെ ആരാധനയുമുണ്ടാകും. വൈകുന്നേരം ആറുമുതൽ ഏഴുവരെ പൊതു ആരാധനയും ആരാധനയുടെ സമാപനവും. നാളെ ദുഃഖവെള്ളി തിരുകർമങ്ങൾക്കു രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നേതൃത്വം നൽകും.
പീഡാനുഭവ ചരിത്രവായനയും വിശുദ്ധകുരിശിന്റെ ചുംബനവും, പീഡാനുഭവ ദിനത്തിന്റെ സന്ദേശവും, രാവിലത്തെ ശുശ്രൂഷകളിലുണ്ടായിരിക്കും. വൈകുന്നേരം നാലിനു പീഡാനുഭവദിന പരിഹാരപ്രദക്ഷിണം പാലക്കാട് കത്തീഡ്രലിൽനിന്ന് കോട്ടമൈതാനിയിലെ രാപ്പാടി സ്റ്റേഡിയത്തിലേക്കു നടത്തും.
പാലക്കാട് ഫൊറോനയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള പരിഹാര പ്രദക്ഷിണങ്ങൾ രാപ്പാടിയിൽ എത്തിച്ചേർന്നശേഷം പാലക്കാട് മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ പീഡാനുഭവദിന സന്ദേശം നൽകും.
തുടർന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ സന്ദേശവും ആശീർവാദവും. ശനിയാഴ്ച രാവിലെ ആറരയ്ക്കു ശുശ്രൂഷയ്ക്കു ശേഷം കത്തീഡ്രലിൽ പുതുവെള്ളം വെഞ്ചരിപ്പും തിരിവെഞ്ചരിപ്പും മാമോദീസ, വ്രതവാഗ്ദാന നവീകരണ ശുശ്രൂഷകളുമുണ്ടാകും.
രാത്രി പതിനൊന്നരയ്ക്ക് ഈസ്റ്റർദിന തിരുകർമങ്ങൾ ആരംഭിക്കും. മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ശുശ്രൂഷകൾക്കു നേതൃത്വം നൽകും.