ചുള്ളിയാംകുളത്ത് കാട്ടാനയുടെ വിളയാട്ടം; ഓട്ടോറിക്ഷ തകർത്തു
1542814
Wednesday, April 16, 2025 1:26 AM IST
കല്ലടിക്കോട്: ചുള്ളിയാംകുളം കുറുമുഖത്തിനു സമീപം മാവിൻ ചുവട്ടിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു. ചൂരക്കോട് സ്വദേശി സുരേഷിന്റെ ഓട്ടോറിക്ഷയാണ് കുത്തിമറിച്ച് നശിപ്പിച്ചത്. ചൊവ്വാഴ്ച വെളുപ്പിനെയാണ് സംഭവം. മാവിൻചുവട്ടിൽ ഓട്ടോറിക്ഷ നിർത്തിയിട്ട് സമീപത്തുള്ള സുരേഷിന്റെ വീട്ടിലേയ്ക്ക് പോയ സമയത്താണ് കാട്ടാന ഓട്ടോറിക്ഷ കുത്തിമറിച്ച് തകർത്തത്. കഴിഞ്ഞ കുറേദിവസങ്ങളായി ഈ മേഖലയിൽ കാട്ടാന കൃഷിയിടങ്ങളിൽ ഇറങ്ങിയിരുന്നു. ഇന്നലെ പകൽ മീൻവല്ലത്തിനു സമീപത്തെ കൃഷിയിടത്തിൽ കാട്ടാന എത്തി പ്രദേശത്ത് ഭീതി പരത്തി.
വീടുകൾക്ക് സമീപം കാട്ടാന എത്തിയതോടെ മീൻവല്ലത്തേയ്ക്കുള്ള സന്ദർശനം നിർത്തിവെച്ചു. വിഷു ആയതിനാൽ പതിവിൽ കൂടുതൽ സന്ദർശകർ മീൻവല്ലം സന്ദർശിക്കാൻ എത്തിയിരുന്നു. ആർആർടി സംഘവും നാട്ടുകാരും ചേർന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തിയെങ്കിലും പിന്നെയും കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
തുടിക്കോട്, ആനക്കല്ല്, കരിമല, മീൻവല്ലം തുടങ്ങി എല്ലാ ഭാഗങ്ങളിലൂടെയും ആനകൾ ഇറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ഏത് ആനയാണ് അക്രമണകാരിയെന്നു മനസിലാക്കാൻ കഴിയാത്തതിനാൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ഞാറക്കോട് അത്താണിപ്പറമ്പിൽ യുവാവിനെ കുത്തിക്കൊന്ന ആനയാണ് മീൻവല്ലത്ത് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ആർആർടി സംഘത്തോടൊപ്പം ആനയെ ഓടിച്ച് കാടുകയറ്റാൻ ശ്രമിക്കുന്ന നാട്ടുകാരെ ആന തെരഞ്ഞ് അക്രമിക്കുന്നതും പതിവാണ്.