വൈദ്യുതിക്കമ്പി പൊട്ടിവീണ് തീപിടിത്തം: മനിശീരിയിൽ ഒഴിവായതു വൻദുരന്തം
1543160
Thursday, April 17, 2025 1:39 AM IST
ഷൊർണൂർ: വൈദ്യുതിക്കമ്പി പൊട്ടിവീണ് വീടിനുസമീപം സൂക്ഷിച്ച വൈക്കോലിനു തീ പിടിച്ചു.
തലനാരിഴക്ക് വൻദുരന്തം ഒഴിവായി. പശുക്കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. വീടിന്റെ അടുക്കള പൂർണമായും കത്തിനശിച്ചു. വാണിയംകുളം മനിശ്ശീരി തെക്കുമുറി തെക്കേച്ചോലയിൽ പ്രകാശന്റെ വീട്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഈ സമയം എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. വീടിനു പിന്നിലായി തൊഴുത്തിനു സമീപത്ത് സൂക്ഷിച്ച വൈക്കോലിനാണ് ആദ്യം തീ പിടിച്ചത്.
പശുക്കളുടെയും ആടിന്റെയും കരച്ചിൽ കേട്ടു വീട്ടുകാർ ഉണർന്നപ്പോഴാണ് തീപടരുന്നതു കണ്ടത്. ഉടനെ തൊഴുത്തിൽ കെട്ടിയിട്ട പശുക്കളുടെ കയർ കത്തികൊണ്ട് മുറിച്ചുവിടുകയും ചെയ്തു.
എന്നാൽ, തീ കൂടുതൽ ഭാഗത്തേക്ക് പടർന്നുപിടിച്ചു. ഇതിനിടയിലാണ് തൊഴുത്തിൽ വീണ നിലയിൽ 10 മാസം പ്രായമുള്ള മൂരിക്കുട്ടിയെ കണ്ടത്.
അപ്പോഴേക്കും ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഷൊർണൂരിൽനിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ പൂർണമായും അണച്ചത്.
തൊഴുത്തിലുണ്ടായിരുന്ന മറ്റുപശുക്കൾക്കും പൊള്ളലേറ്റിട്ടുണ്ട്. ആറുപശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്
ഇതിൽ രണ്ടുപശുക്കൾ ഒൻപതുമാസം ഗർഭിണികളാണെന്ന് വീട്ടമ്മ ശാന്തി പറഞ്ഞു. സമീപത്തുതന്നെയാണ് ആട്ടിൻകൂടുമുള്ളത്.
ഇവയെ കൂട് തുറന്നുവിട്ടതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. വാണിയംകുളത്തുനിന്ന് വെറ്ററിനറി ഡോക്ടറെത്തി പശുക്കളെ പരിശോധിച്ചു. അടുക്കളവാതിലുകളും ജനലും പാത്രങ്ങളും ഷീറ്റും കത്തിനശിച്ചു.
കഴിഞ്ഞ ദിവസമാണ് ദേശമംഗലത്തുനിന്ന് വൈക്കോൽ എത്തിച്ചതെന്ന് ശാന്തി പറഞ്ഞു.
വീടിനു സമീപത്തെ തെങ്ങിൽനിന്ന് തൊഴുത്തിലേക്ക് പോകുന്ന വൈദ്യുതിലൈനിലേക്ക് തെങ്ങിൻ പട്ട വീഴുകയും വയർ മുറിഞ്ഞ് വൈക്കോലിന് തീ പിടിക്കുകയായിരുന്നുവെന്ന് വീട്ടുടമ പറഞ്ഞു.