നെന്മാറയിൽ വേറിട്ട വിഷുക്കൈനീട്ടവുമായി പാടശേഖരസമിതി
1542817
Wednesday, April 16, 2025 1:26 AM IST
നെന്മാറ: വിഷുക്കൈനീട്ടമായി പാടശേഖരസമിതിയിലെ എല്ലാ കർഷകർക്കും മുറവും കളമുറവും വിതരണം ചെയ്തു. വല്ലങ്ങി തവളാക്കുളം പാടശേഖരസമിതിയുടെ നേതൃത്വത്തിലാണ് കണിവിഭവങ്ങളുമായി അപൂർവമായ വിഷുക്കൈനീട്ടം നടത്തിയത്.
പാടശേഖര സമിതി പ്രസിഡന്റ് ജി. ജയപ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെന്മാറ ക്യഷി ഓഫീസർ വി. അരുണിമ മുറങ്ങൾ കൈനീട്ടമായി എല്ലാ കർഷകർക്കും നൽകി ഉദ്ഘാടനം നിർവഹിച്ചു. നെല്ല് കാറ്റത്തിടാനും നെല്ലിലെ മാലിന്യങ്ങൾ വ്യത്തിയാക്കാനും പഴമക്കാർ വ്യാപകമായി ഉപയോഗിച്ചിരുന്നതും ആധുനികകാലത്ത് കളപ്പുരകളിൽ നിന്ന് അന്യംനിന്ന് പോയതുമായ ഈറ്റ കൊണ്ടുള്ള മുറവും കളമുറവും കർഷകർക്ക് നൽകി വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് വല്ലങ്ങി തവളാക്കുളം പാടശേഖര സമിതി. സമിതിയിലെ 55 കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
പാടശേഖരസമിതി സെക്രട്ടറി കെ. സുരേഷ് കുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, കൃഷി അസിസ്റ്റന്റുമാരായ കെ. പ്രകാശ്, വി. ലിഖിത, പാടശേഖര സമിതി ഭാരവാഹികളായ വി. സത്യൻ, കെ. രാമചന്ദ്രൻ, കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.