കുളപ്പുള്ളിയിലെ വ്യാപാരസ്ഥാപനം തുറന്നുപ്രവർത്തിക്കാൻ നടപടിയുണ്ടാകണമെന്നു കെവിവിഇഎസ് നേതൃയോഗം
1543162
Thursday, April 17, 2025 1:39 AM IST
ഷൊർണൂർ: സിഐടിയു സമരത്തെത്തുടർന്ന് അടച്ചിട്ട കുളപ്പുള്ളിയിലെ വ്യാപാരസ്ഥാപനം തുറന്നുപ്രവർത്തിക്കാൻ നടപടിയുണ്ടാകണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ, സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയുടെ അനുമതിയുണ്ടായിട്ടും വ്യാപാരസ്ഥാപനത്തിനു പ്രവർത്തിക്കാൻ കഴിയുന്നില്ല. യന്ത്രമുപയോഗിച്ച് കയറ്റിറക്ക് നടത്താനുള്ള ഹൈക്കോടതി വിധിയിൽ യന്ത്രത്തെ സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ അതുചർച്ച ചെയ്യുകയും കോടതിവിധി സമ്പാദിക്കുകയും ചെയ്യുന്നതിനുപകരം വ്യാപാരസ്ഥാപനത്തിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നതു പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രിക്കും തൊഴിൽവകുപ്പ്, വ്യവസായ മന്ത്രിമാർക്കും പരാതി നൽകാൻ തീരുമാനിച്ചതായും അറിയിച്ചു.
തൊഴിലാളി യൂണിയൻ നടത്തുന്ന കോടതിയലക്ഷ്യനടപടികൾക്കെതിരെ ജില്ലയിൽ വ്യാപാരി പണിമുടക്ക് നടക്കുന്ന 22ന് സംസ്ഥാനത്തെ ഏകോപനസമിതിയുടെ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനം നടത്താനും തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് ബാബു കോട്ടയിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, കെ.എം. ഹമീദ്, കെ.കെ. ഹരിദാസ്, എ.എം. അൻസാരി പ്രസംഗിച്ചു.