ഒറ്റപ്പാലത്തിന് കണികാണാൻ അമ്പലപ്പാറയുടെ കണിവെള്ളരി
1542561
Monday, April 14, 2025 12:55 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം കണികാണും സ്വന്തം നാടിന്റെ കണിവെള്ളരി. ഇത്തവണ വിഷുക്കണി ഒരുക്കാൻ 25 ടൺ കണിവെള്ളരിയാണ് ഒറ്റപ്പാലത്തിന് അമ്പലപ്പാറ സമ്മാനിച്ചിട്ടുള്ളത്. വേനൽമഴയെ അതിജീവിച്ചാണ് അമ്പലപ്പാറയിലെ കർഷകർ ഇത്രയും കണി വെള്ളരി വിഷുവിപണിയിലെത്തിച്ചത് .
അറവക്കാട്, വേങ്ങശേരി, അകവണ്ട, ചെറുമുണ്ടശേരി, കടമ്പൂർ, കൂനൻമല പ്രദേശങ്ങളിലെ 15 ഏക്കർ കൃഷിയിടത്തിൽനിന്നാണ് വെള്ളരി വിപണിയിലെത്തിച്ചയത്. 25 കർഷകരുടെ അധ്വാനഫലമായി കഴിഞ്ഞവർഷത്തേക്കാൾ പത്തുടൺ അധികം വിളവെടുക്കാനായി. നേരത്തേതന്നെ വിപണിയിൽ ഇടംപിടിക്കാൻ കഴിഞ്ഞതിനാൽ വെള്ളരിക്ക് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതൽവില ലഭിച്ചതായി കർഷകർ പറഞ്ഞു. കിലോയ്ക്ക് 23 രൂപ വരെയാണ് ലഭിച്ചത്. കഴിഞ്ഞവർഷം 20രൂപവരെയായിരുന്നു വില.
അമ്പലപ്പാറയിൽ അറവക്കാട് ആശ്രയക്ലസ്റ്ററിന് കീഴിലുള്ള കർഷകരാണ് ഏറ്റവും കൂടുതൽ വെള്ളരി വിപണിയിലെത്തിച്ചിട്ടുള്ളത്. ഏകദേശം 20 ടൺ വെള്ളരിയാണ് വിളവെടുക്കാൻ കഴിഞ്ഞതെന്ന് ക്ലസ്റ്റർ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. പന്ത്രണ്ടര ഏക്കർ സ്ഥലത്തായിരുന്നു കൃഷി. മറ്റുസ്ഥലങ്ങളിലെ കർഷകർ ചേർന്ന് അഞ്ച് ടണ്ണോളം കണിവെള്ളരിയും വിപണിയിലെത്തിച്ചു. ഒറ്റപ്പാലം, കടമ്പഴിപ്പുറം, അമ്പലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ മൊത്തവ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വില്പന. അപ്രതീക്ഷിത മഴയിൽ അഞ്ച് ടൺ വെള്ളരി കർഷകർക്ക് നഷ്ടമായി. മഴപെയ്ത് കൃഷിയിടത്തിൽ വെള്ളമെത്തിയതാണ് പ്രശ്നമായത്. ചില കർഷകരുടെ വെള്ളരിക്ക് നിറംവെക്കാൻ വൈകുന്ന പ്രശ്നവുമുണ്ടായി.