ഓശാനഞായർ ആചരിച്ചു; വിശുദ്ധവാരത്തിന് തുടക്കം
1542562
Monday, April 14, 2025 12:55 AM IST
പാലക്കാട്: യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി ഓശാനതിരുനാൾ ആചരിച്ചു. രണ്ടായിരത്തിൽപരം വർഷങ്ങൾക്കു മുന്പ് കഴുതപ്പുറത്തേറി ജെറുസലേമിലേക്ക് ക്രിസ്തു നടത്തിയ രാജകീയപ്രവേശനത്തിന്റെ ഓർമപുതുക്കലാണ് ഓശാനഞായർ തിരുക്കർമ്മങ്ങൾ.
പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ പള്ളിയിൽ നടന്ന ഓശാന തിരുക്കർമ്മങ്ങൾക്ക് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നേതൃത്വം നൽകി. രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന കർമ്മങ്ങൾക്ക് ബിഷപ് മാർ പോൾ ആലപ്പാട്ട് കാർമികത്വം വഹിച്ചു.
സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻസ് കത്തീഡ്രലിൽ ബിഷപ് ഡോ. അന്തോണിസാമി പീറ്റർ അബീർ മുഖ്യകാർമികനായി. രൂപതകളിലെ എല്ലാ പള്ളികളിലും വിശുദ്ധകുർബാനയും കുരുത്തോല പ്രദക്ഷിണവും നടന്നു. ഇതോടെ വിശുദ്ധവാരത്തിനും തുടക്കമായി.
അന്ത്യഅത്താഴത്തിന്റേയും പീഢാനുഭവ, കുരിശുമരണത്തിന്റേയും ഉയിർപ്പിന്റേയും ഓർമകളാണ് വിശുദ്ധവാരത്തിൽ ആചരിക്കപ്പെടുന്നത്.