ചെമ്മണ്ണാംകുന്നിൽ പെട്രോൾപമ്പിനായി സ്ഥലം വിട്ടുകൊടുക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
1542815
Wednesday, April 16, 2025 1:26 AM IST
വടക്കഞ്ചേരി: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലം പെട്രോൾപമ്പിനായി വിട്ടുകൊടുക്കാനുള്ള ഹൈവേ അധികൃതരുടെ നീക്കം നാട്ടുകാർ തടഞ്ഞു.
ദേശീയപാത മേരിഗിരിക്കടുത്ത് പാലക്കാട് ലൈനിൽ ചെമ്മണ്ണാംകുന്നിലാണ് സംഭവം. സ്ഥലം കുറവെന്ന് പറഞ്ഞ് ഈ ഭാഗത്ത് ആറുവരി ദേശീയപാതയുടെ ഇരുഭാഗത്തും സർവീസ് റോഡില്ല.
ഇതിനിടെയാണ് പെട്രോൾ പമ്പിനായി സ്ഥലം വിട്ടുകൊടുത്ത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുംവിധം ടാർ റോഡിനോട് ചേർന്ന് വരമ്പ് നിർമിച്ച് ഹൈവേ അധികാരികൾ അനധികൃത നടപടികൾക്ക് കൂട്ടുനിൽക്കുന്നതെന്ന് ജനകീയ സമരസമിതി ഭാരവാഹിയായ ജോർസി പറഞ്ഞു. സർവീസ് റോഡില്ലാത്തതിനാൽ ചുക്കുണ്ട്, പൊത്തപ്പാറ ഭാഗങ്ങളിലേക്ക് പോകുന്നവർ അപകടം മുഖാമുഖം കണ്ടാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. പമ്പിനായി സ്ഥലം വിട്ടുകൊടുത്ത് അപകടം ഉണ്ടാക്കുന്ന സ്ഥിതിയുണ്ടാക്കിയാൽ നിർമാണം തടയുമെന്ന് നാട്ടുകാർ പറഞ്ഞു.